അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ആവശ്യം തള്ളി കോടതി

അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ആവശ്യം തള്ളി കോടതി

February 23, 2024 0 By Editor

റാഞ്ചി: മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമർപ്പിച്ച ഹർജി തള്ളി ഝാർഖണ്ഡ് ഹൈക്കോടതി. 2018-ല്‍ അന്ന് ബി.ജെ.പി. അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കെതിരേ നടത്തിയ പരാമർത്തിലാണ് രാഹുലിനെതിരേ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. വിചാരണക്കോടതിയിലെ തനിക്കെതിരായ നടപടികള്‍ റദ്ദാക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം.

ബി.ജെ.പി. നേതാവ് നവീൻ ഝായാണ് വിഷയത്തില്‍ പരാതി നല്‍കിയത്. 2018 ലെ ചായ്ബാസയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ അമിത് ഷായ്ക്കെതിരെ രാഹുല്‍ നടത്തിയ പരാമർശങ്ങള്‍ ചൂണ്ടികാട്ടിയായിരുന്നു കേസ്. ഫെബ്രുവരി 16-ന് രാഹുല്‍ ഗാന്ധിയുടെ ഭാഗം കേട്ട കോടതി കേസ് മാറ്റി വച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി ഹർജി തള്ളുകയായിരുന്നു.

അമിത് ഷായെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന കേസില്‍ ഉത്തർപ്രദേശിലെ സുല്‍ത്താൻപുർ കോടതി കഴിഞ്ഞദിവസം രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. 2018-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബെംഗളൂരുവില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ അമിത് ഷായ്ക്കെതിരെ അപകീർത്തി പരാമർശം നടത്തി എന്നാരോപിച്ചാണ് ബി.ജെ.പി. നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്.