വിവരാവകാശ കമ്മിഷണര്‍മാരുടെ നിയമനം; സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാതെ ഗവര്‍ണര്‍, വിശദീകരണം തേടി

തിരുവനന്തപുരം: വിവരാവകാശ കമ്മിഷണര്‍മാരുടെ നിയമനത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മൂന്ന് കമ്മിഷണര്‍മാരുടെ നിയമനത്തിലാണ് ഗവര്‍ണര്‍ കൂടുതല്‍ വിശദീകരണം തേടിയത്. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയുള്ള പരാതികളാണ് ഗവര്‍ണറുടെ നടപടിക്ക് കാരണം എന്നാണ് പ്രഥമിക വിവരം.

മുഖ്യമന്ത്രിയും നിയമ മന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സമിതിയാണ് ഈ പേരുകള്‍ ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണറുടെ മുന്നിലേക്ക് എത്തിയ മൂന്നുപേരില്‍ ടി.കെ. രാമകൃഷ്ണന്‍, എം. ശ്രീകുമാര്‍ എന്നിവര്‍ അധ്യാപക രംഗത്തുനിന്നുള്ളവരും ഒരാള്‍ മാധ്യമരംഗത്തുനിന്നുള്ള സോണിച്ചന്‍ പി. ജോസഫുമാണ്.

ഇവരുടെ ലിസ്റ്റ് ഗവര്‍ണര്‍ക്ക് മുന്നില്‍ എത്തിയതുമുതല്‍, ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെപ്പറ്റി സാമ്പത്തിക ക്രമക്കേടുകള്‍ അടക്കം നിരവധി പരാതികളാണ് ഗവര്‍ണര്‍ക്ക് ലഭിച്ചത്. മാത്രമല്ല, സുപ്രീംകോടതി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ മൂന്നുപേരെയും സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് എന്ന പരാതിയും ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു.

52 പേരുടെ ഷോര്‍ട്ട്‌ലിസ്റ്റില്‍ നിന്നാണ് ഈ മൂന്നുപേരെ തിരഞ്ഞെടുത്തതെന്നും ഈ തിരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങളുടെ ലംഘനങ്ങള്‍ ഉണ്ടായിട്ടണ്ടെന്നും കാണിച്ചാണ് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതി. വളരെയധികം പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ഈ പേരുകള്‍ മടക്കി അയച്ച് സര്‍ക്കാരിനോട് പരാതികളില്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്.

ലിസ്റ്റ് തള്ളുകയല്ല മറിച്ച് വിശദീകരണം ചോദിച്ചിരിക്കുകയാണ് ഗവര്‍ണര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ മൂന്ന് പേരുകള്‍ അംഗീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുക. മുഖ്യവിവരാവകാശ കമ്മിഷണറായി ബി. ഹരി നായരെ നിയമിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story