ഓട്ടോറിക്ഷ ആക്രമിച്ച കാട്ടാന ഡ്രൈവറെ എറിഞ്ഞുകൊന്ന സംഭവം: വൻ പ്രതിഷേധം;എൽഡിഎഫ് ഹർത്താൽ

ഓട്ടോറിക്ഷ ആക്രമിച്ച കാട്ടാന ഡ്രൈവറെ എറിഞ്ഞുകൊന്ന സംഭവം: വൻ പ്രതിഷേധം;എൽഡിഎഫ് ഹർത്താൽ

February 27, 2024 0 By Editor

മൂന്നാർ: യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ അടിച്ചുതകർത്ത ഒറ്റയാൻ തുമ്പിക്കയ്യിലെടുത്ത് എറിഞ്ഞ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ മൂന്നാറിൽ ഇന്ന് ഹർത്താൽ. കെഡിഎച്ച് വില്ലേജ് പരിധിയിൽ എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. മൂന്നാറിൽ ഇന്ന് റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ കോൺഗ്രസും ആസൂത്രണം ചെയ്യുന്നുണ്ട്. മറ്റു പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

മൂന്നാർ കന്നിമല എസ്റ്റേറ്റിൽ ടോപ് ഡിവിഷനിൽ സുരേഷ് കുമാർ (മണി–46) ആണ് മരിച്ചത്. മൂന്നാർ പെരിയവര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോയിലുണ്ടായിരുന്ന 3 യാത്രക്കാർക്ക് ഗുരുതര പരുക്കേറ്റിരുന്നു. ഇന്നലെ രാത്രി 10ന് കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപമാണ് സംഭവം.

മൂന്നാറിൽ നിന്നു കന്നിമലയിലേക്ക് 6 യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ഒറ്റയാന്റെ മുന്നിൽ പെടുകയായിരുന്നു. കാട്ടാന ഓട്ടോ കുത്തിമറിച്ചിട്ടപ്പോൾ ആനയുടെ കാലിലേക്കു തെറിച്ചുവീണ സുരേഷ് കുമാറിനെ ആന തുമ്പിക്കയ്യിലെടുത്ത് എറിയുകയായിരുന്നുവെന്നാണ് വിവരം. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ സുരേഷ് കുമാർ സംഭവസ്ഥലത്തു മരിച്ചു.

കന്നിമല ടോപ് ഡിവിഷനിൽ എസക്കിരാജ് (40), ഭാര്യ റജീന (37), മകൾ കുട്ടി പ്രിയ (11) എന്നിവരാണ് പരുക്കേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്നത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പരുക്കേൽക്കാതെ ഓടി രക്ഷപ്പെട്ടു. നല്ലതണ്ണി ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടന്ന വാർഷികാഘോഷത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു എസക്കിരാജും ഭാര്യയും മകളും.

ഒറ്റയാൻ ഓട്ടോയ്ക്കു സമീപം നിലയുറപ്പിച്ചതിനാൽ പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ എത്തിക്കാൻ വൈകി. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മൂന്നാറിലെ ആശുപത്രിയിൽ ആളുകൾ പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. മൂന്നാറിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആചരിക്കുമെന്ന് പ്രതിഷേധിച്ചവർ അറിയിച്ചു.