
പടയപ്പയുടെ അഴിഞ്ഞാട്ടം! അന്തർ സംസ്ഥാന പാതയില്‍ ബസിന് നേരെ ആക്രമണം
March 1, 2024മൂന്നാർ: തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തി മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം. ഇന്നലെ രാത്രി മൂന്നാർ ഉടുമൽപ്പേട്ട് അന്തർ സംസ്ഥാന പാതയിലിറങ്ങിയ പടയപ്പ എന്ന കാട്ടുകൊമ്പന്‍ തമിഴ്നാട് ആര്‍ടിസിയുടെ ബസ് ആക്രമിച്ചു. കൊമ്പും തുമ്പിക്കൈയും ഉപയോഗിച്ച് ആന ബസ് തള്ളിമറിക്കാന്‍ ശ്രമിക്കവെ ഡ്രൈവർ ഹോൺമുഴക്കി രക്ഷപ്പെടുകയായിരുന്നു. മൂന്നാർ – ഉടുമൽപ്പേട്ട് അന്തർ സംസ്ഥാന പാതയിലെ 9-ാം മൈലിന് സമീപത്താണ് പടയപ്പ രാത്രി എത്തിയത്.
വാഹനത്തിന് മുമ്പില്‍ അരമണിക്കൂറോളം നിലയുറപ്പിച്ച കാട്ടാന പതിയെ വഴിമാറിയതോടെയാണ് വാഹനം കടന്നുപോയത്. കഴിഞ്ഞ ഒരാഴ്ചകാലമായി അന്തർ സംസ്ഥാന പാതയിൽ നിലയുറപ്പിച്ച പടയപ്പ വാഹനങ്ങളെ ആക്രമിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം രണ്ട് വാഹനങ്ങൾ പൂർണ്ണമായി തകർത്തിരുന്നു.