ഭാര്യയെ ക്രൂരമായി കൊന്നു; ശരീരത്തിൽ 46 വെട്ട്, കൈകൾ മുറിഞ്ഞു തൂങ്ങി: ഭർത്താവിന് ജീവപര്യന്തം കഠിന തടവ്

കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചൽ വിളക്കുപാറ ഇടക്കൊച്ചി സാം വിലാസത്തിൽ സാം കുമാറിന് (43) ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. അഞ്ചൽ വിളക്കുപാറ സുരേഷ് ഭവനിൽ സുനിത(37)യെ അവരുടെ കുടുംബ വീട്ടിൽ എത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കൊല്ലം നാലാം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി ഉഷ നായർ ശിക്ഷ വിധിച്ചത്. സുനിതയുടെ പിതാവിന്റെ സഹോദരീ പുത്രൻ കൂടിയാണ് സാംകുമാർ.

2021 ഡിസംബർ 22ന് വൈകിട്ട് ആറിനായിരുന്നു സംഭവം. മദ്യപിച്ചെത്തി സുനിതയെയും മക്കളെയും മർദിക്കുന്നത് പതിവായിരുന്നു. ഉപദ്രവം അസഹ്യമായപ്പോൾ സുനിതയും മക്കളും അടുത്തുള്ള കുടുംബ വീട്ടിലേക്കു താമസം മാറി. 2021 സെപ്റ്റംബറിൽ കുടുംബവീട്ടിലെത്തി സുനിതയെയും ഇളയമകനെയും സുനിതയുടെ അമ്മയെയും സാം ക്രൂരമായി മർദിച്ചു. സംഭവത്തിൽ സാം കുമാറിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡിലാവുകയും ചെയ്തു.

ഇതിന്റെ വൈരാഗ്യത്തിൽ വധഭീഷണി മുഴക്കിയതിനാൽ സുനിത പുനലൂർ കോടതിയിൽ നിന്നു പ്രത്യേക സംരക്ഷണ ഉത്തരവ് നേടിയിരുന്നു. ഇതു നിലനിൽക്കെയാണ് കൊലപാതകം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വിളക്കുപാറ ശാഖയിലെ കാഷ്യർ ആയിരുന്ന സുനിത ജോലി കഴിഞ്ഞ് 12 വയസ്സുള്ള ഇളയ മകനോടൊപ്പം മാവേലി സ്റ്റോറിൽ നിന്നു സാധനങ്ങൾ വാങ്ങി വീട്ടിലെത്തിയതിനു പിന്നാലെയാണ് കൊല്ലപ്പെട്ടത്. വാങ്ങിക്കൊണ്ടുവന്ന ബിസ്കറ്റ് മക്കൾക്ക് കൊടുത്തുക്കൊണ്ടിരിക്കെ സാംകുമാർ അതിക്രമിച്ചു കയറി സുനിതയെ മുടിയിൽ കുത്തിപ്പിടിച്ചു മുറിയിലേക്ക് കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സുനിതയുടെ ശരീരത്തിൽ 46 വെട്ടേറ്റു. ഇരു കയ്യും മുറിഞ്ഞു തൂങ്ങി. മൂത്തമകനും അമ്മയും സമീപവാസികളും ഉൾപ്പെടെ 34 സാക്ഷികളും 31 രേഖകളും കോടതി തെളിവായി സ്വീകരിച്ചു. ഏരൂർ ഇൻസ്പെക്ടർ കെ.എസ്.അരുൺകുമാർ ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അരമന സി.കെ.സൈജു, അഡ്വ. മീനു ദാസ്, അഡ്വ.ഷംല മേച്ചേരി എന്നിവർ കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ സഹായിയായി എഎസ്ഐ മേഴ്സി പ്രവർത്തിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story