വൈദ്യുതി വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നു
കൊച്ചി: വൈദ്യുതി വാഹന നിർമ്മാണ മേഖലയിലെ ആഗോള ഹബായി ഇന്ത്യയെ മാറ്റുവാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ നയം പ്രഖ്യാപിച്ചു.
ഇന്ത്യയിൽ പുതിയ നിർമ്മാണ പ്ളാന്റ് ആരംഭിക്കുന്ന ആഗോള ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ കാറുകൾക്ക് ഇറക്കുമതി തീരുവ 15 ശതമാനമായാണ് കുറയ്ക്കുന്നത്.
വൈദ്യുതി വാഹന പ്ളാന്റിനായി 4,150 കോടി രൂപയിലധികം നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് 35,000 ഡോളറിലധികം വിലയുള്ള പൂർണസജ്ജമായ 80,000 കാറുകൾ 15 ശതമാനം തീരുവയോടെ പ്രതിവർഷം ഇറക്കുമതി നടത്താനാകും.
പ്ളാന്റിന്റെ നിർമ്മാണം പൂർത്തിയാക്കാൻ മൂന്ന് വർഷം വരെ കാലാവധി ലഭിക്കും. എന്നാൽ ഇതിനാവശ്യമായ അസംസ്കൃത സാധനങ്ങളിൽ 25 ശതമാനം ആഭ്യന്തര വിപണിയിൽ നിന്ന് വാങ്ങണം. നിലവിൽ വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതിയിൽ 70 മുതൽ നൂറ് ശതമാനം വരെ നികുതിയാണ് ഈടാക്കുന്നത്.
നികുതി ഇളവിനുള്ള നിക്ഷേപ പരിധി 4,150 കോടി രൂപയാണ്. ഉത്പാദനം ആരംഭിക്കാനുള്ള കാലാവധി മൂന്ന് വർഷമായിരിക്കും.ആദ്യ മൂന്ന് വർഷങ്ങളിൽ 25 ശതമാനം ഉത്പന്നങ്ങൾ ആഭ്യന്തര വിപണിയിൽ നിന്ന് വാങ്ങണം. അഞ്ച് വർഷത്തിനുള്ളിൽ ഇത് 50 ശതമാനമാക്കണം.
കേന്ദ്ര സർക്കാരിന്റെ പുതിയ സ്കീം വരുന്നതോടെ അമേരിക്കയിലെ മുൻനിര വൈദ്യുത വാഹന കമ്പനിയായ ടെസ്ല ഇന്ത്യയിലെത്തിയേക്കും.വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി തീരുവ പതിനഞ്ച് ശതമാനമായി കുറയ്ക്കണമെന്ന ആവശ്യമാണ് ദീർഘകാലമായി ടെസ്‌ല കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
നിലവിൽ 40,000 ഡോളർ വരെ വിലയുള്ള വാഹനങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ നൂറ് ശതമാനം നികുതിയാണ് ഈടാക്കുന്നത്. 40,000 ഡോളറിലധികം വിലയുള്ള വാഹനങ്ങളുടെ ഇറക്കുമതി തീരുവ 70 ശതമാനവുമാണ്. പുതിയ നയം വന്നതോടെ പുതിയ നിർമ്മാണ പ്ളാന്റ് ആരംഭിച്ചാൽ 15 ശതമാനം തീരുവ നൽകി വൈദ്യുതി വാഹനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി നടത്താൻ ടെസ്‌ലയ്ക്ക് കഴിയും.