ഐഫോൺ, ഐപാഡ്, മാക്ബുക് ഉപയോക്താക്കൾ സൂക്ഷിക്കണം: മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ഐഫോൺ, ഐപാഡ്, മാക്ബുക് ഉപയോക്താക്കൾ സൂക്ഷിക്കണം: മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

April 3, 2024 0 By Editor

ഐഫോൺ ഉൾ‌പ്പെടെ ആപ്പിളിന്റെ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കു മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഐഫോണുകൾ iPhone, മാക്ബുക്കുകൾ, ഐപാഡുകൾ, വിഷൻ പ്രോ ഹെഡ്‌സെറ്റുകൾ എന്നിവ ഉപയോഗിക്കുന്നവർക്കാണ് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ (സിഇആർടി-ഇൻ) സുരക്ഷാ ഉപദേശം. ഇവയ്ക്കെല്ലാം ‘ഉയർന്ന അപകടസാധ്യത’ ഉണ്ടെന്നാണു മുന്നറിയിപ്പ്.

ആപ്പിളിന്റെ വിവിധ ഉപകരണങ്ങളിലെ ‘റിമോട്ട് കോഡ് എക്‌സിക്യൂഷൻ’ സംവിധാനവുമായി ബന്ധപ്പെട്ടാണു മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 17.4.1ന് മുൻപുള്ള ആപ്പിൾ സഫാരി പതിപ്പുകൾ, 13.6.6ന് മുൻപുള്ള ആപ്പിൾ മാക്ഒഎസ് വെൻച്വുറ പതിപ്പുകൾ, 14.4.1ന് മുൻപുള്ള ആപ്പിൾ മാക്ഒഎസ് സനോമ പതിപ്പുകൾ, 1.1.1ന് മുൻപുള്ള ആപ്പിൾ വിഷൻ ഒഎസ് പതിപ്പുകൾ, 17.4.1ന് മുൻപുള്ള ആപ്പിൾ ഐഒഎസ്– ഐപാഡ് ഒഎസ് പതിപ്പുകൾ, 16.7.7ന് മുൻപുള്ള ആപ്പിൾ ഐഒഎസ്– ഐപാഡ് ഒഎസ് പതിപ്പുകൾ എന്നിവയടക്കം ആപ്പിൾ സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ ശ്രേണിയിലാണ് അപകടസാധ്യത.

ഐഫോൺ, ഐപാഡ് ഉപയോക്താക്കൾ പുതിയ പതിപ്പുകളിലേക്ക് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ അപകടസാധ്യത തുടരുമെന്ന് അറിയിപ്പിൽ പറയുന്നു. മാക്ബുക് ഉപയോക്താക്കളോടും അവരുടെ സിസ്റ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. വിശ്വസനീയ പ്ലാറ്റ്ഫോമുകളിൽനിന്നുള്ള ഡൗൺലോഡ്, പതിവായി ബാക്കപ്പ് ചെയ്യൽ, ദ്വിതല സുരക്ഷാക്രമീകരണം തുടങ്ങിയവ ഉറപ്പാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.