കൊച്ചിയിലെ 'പോഷ് ഏരിയകൾ' ഗൂഗിളിൽ തിരഞ്ഞു,'ബിഹാർ റോബിൻഹുഡ്' മൂന്ന് വീടുകളിൽ മോഷണശ്രമം നടത്തി

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ 'ബിഹാര്‍ റോബിന്‍ഹുഡ്' മുഹമ്മദ് ഇര്‍ഫാനെ(35) കൊച്ചിയിലെത്തിച്ചു. കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്ന് പിടിയിലായ ഇയാളെ തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് കൊച്ചിയിലെത്തിച്ചത്.…

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ 'ബിഹാര്‍ റോബിന്‍ഹുഡ്' മുഹമ്മദ് ഇര്‍ഫാനെ(35) കൊച്ചിയിലെത്തിച്ചു. കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്ന് പിടിയിലായ ഇയാളെ തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് കൊച്ചിയിലെത്തിച്ചത്.

ഏപ്രില്‍ 20-ാം തീയതിയാണ് പ്രതി ബിഹാറില്‍നിന്ന് മോഷണം നടത്താനായി കൊച്ചിയിലെത്തിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാംസുന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിഹാറില്‍നിന്ന് നേരിട്ട് കൊച്ചിയിലേക്ക് വരികയായിരുന്നു. കൊച്ചിയിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലകള്‍ ഇയാള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് മനസിലാക്കിയിരുന്നു. തുടര്‍ന്ന് കൊച്ചി പനമ്പിള്ളി നഗറിലെത്തുകയും ജോഷിയുടെ വീട്ടില്‍ കയറി മോഷണം നടത്തുകയുമായിരുന്നു. ജോഷിയുടെ വീട് മാത്രം ലക്ഷ്യമിട്ടല്ല പ്രതി എത്തിയത്. അതിന് മുമ്പ് പനമ്പിള്ളി നഗറിലെ മൂന്ന് വീടുകളില്‍ കൂടി ഇയാള്‍ മോഷണശ്രമം നടത്തിയിരുന്നതായും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി 19-ഓളം മോഷണക്കേസുകളില്‍ പ്രതിയാണ് മുഹമ്മദ് ഇര്‍ഫാന്‍. തിരുവനന്തപുരത്ത് ഭീമ ജൂവലറി ഉടമയുടെ വീട്ടില്‍മോഷണം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. ജോഷിയുടെ വീട്ടിലെ മോഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിര്‍ണായകമായത്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ഒരു ഹോണ്ട അക്കോര്‍ഡ് കാര്‍ സംശയാസ്പദമായി കണ്ടെത്തി. തുടര്‍ന്ന് ഈ കാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മോഷ്ടാവിലേക്ക് എത്തിയത്. ദൃശ്യങ്ങളില്‍നിന്ന് കാറിന്റെ നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെ തിരിച്ചറിഞ്ഞു. എന്നാല്‍, സംഭവദിവസം ഉച്ചയോടെ കാര്‍ കാസര്‍കോട് അതിര്‍ത്തി വിട്ടതായി വിവരം കിട്ടി. ഇതോടെ കര്‍ണാടക പോലീസിന് വിവരം കൈമാറി. തുടര്‍ന്ന് കര്‍ണാടക പോലീസിന്റെ ഏകോപനത്തോടെ ഉഡുപ്പിയില്‍നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

ബിഹാറിലെ 'സീതാമര്‍സി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്' എന്ന ബോര്‍ഡാണ് പ്രതിയുടെ കാറില്‍ ഘടിപ്പിച്ചിരുന്നത്. ഇയാളുടെ ഭാര്യ അവിടെത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. വിവിധ മോഷണക്കേസുകളില്‍ പ്രതിയായ മുഹമ്മദ് ഇര്‍ഫാന്‍ ഒരുമാസം മുന്‍പാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. ജോഷിയുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച ആഭരണങ്ങളെല്ലാം പ്രതിയുടെ കാറിലുണ്ടായിരുന്നു. അതെല്ലാം പോലീസ് കണ്ടെടുത്തതായും സിറ്റി പോലീസ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story