തമിഴ് ജനതയെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം; മോദിക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

ചെന്നൈ: തമിഴ് ജനതയെ അവഹേളിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പുരി ക്ഷേത്രത്തിന്റെ താക്കോല്‍ തമിഴ്നാട്ടിലേക്ക് കടത്തിയെന്ന ആരോപണത്തിലൂടെ സംസ്ഥാനത്തെ അപമാനിച്ചു. തമിഴ് ജനതയെ മോഷ്ടാക്കളും വിദ്വേഷ പ്രചാരകരും ആക്കുന്നത് അഗീകരിക്കാനാകില്ലെന്ന് പറഞ്ഞ സ്റ്റാലിന്‍, തമിഴ് ജനതയോട് മോദിക്ക് ഇത്ര വിദ്വേഷം എന്തിനെന്നും ചോദിച്ചു.

പുരി ക്ഷേത്രം ബിജെഡിക്ക് കീഴില്‍ ഒരിക്കലും സുരക്ഷിതമല്ലെന്ന് ഒഡിഷയിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചത്. പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരത്തിന്റെ കാണാതായ താക്കോല്‍ തമിഴ്നാട്ടിലേക്ക് പോയിരിക്കാമെന്നും മോദി പറഞ്ഞു. എന്നാല്‍ ഇത്രയും അറിവുണ്ടെങ്കില്‍ പ്രധാനമന്ത്രി ഇക്കാര്യം അന്വേഷിക്കണമെന്ന് ബിജെഡി തിരിച്ചടിച്ചു. ഇതിന് പിന്നാലെയാണ് തമിഴ് ജനതയെ അവഹേളിക്കുന്നെന്ന് ആരോപിച്ച് സ്റ്റാലിനും രംഗത്തെത്തിയത്.

ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ വിഗ്രഹങ്ങളില്‍ അണിയിക്കാനുള്ള ആഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് രത്‌ന ഭണ്ഡാരം. വിശ്വാസികള്‍ക്ക് ഏറെ പരിപാവനമായി കാണുന്ന ഇടം. 1985 ജൂലൈ 14നാണ് രത്‌നഭണ്ഡാരം അവസാനമായി തുറന്നത്. 2018ല്‍ ഭണ്ഡാരം തുറന്ന് പരിശോധിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഈ സമയത്താണ് രത്‌നഭണ്ഡാരം തുറക്കാനുള്ള താക്കോല്‍ കാണാനില്ലെന്ന വിവരം പുറത്തുവന്നത്. അന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് വഴിവച്ച ഈ സംഭവമാണ് നവീന്‍ പട്നായിക് സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി ആയുധമാക്കുന്നത്. താക്കോല്‍ തമിഴ്നാട്ടിലേക്ക് പോയിരിക്കാമെന്ന ആരോപണത്തിലൂടെ മോദി ലക്ഷ്യമിടുന്നത് നവീന്‍ പട്‌നായികിന്റെ വിശ്വസ്തന്‍ വി കെ പാണ്ഡ്യനെയാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story