ഐടി പാര്‍ക്കുകളില്‍ മദ്യവിതരണത്തിനുള്ള സര്‍ക്കാര്‍ നിര്‍ദേശം; നിയമസഭാ സമിതിയുടെ അംഗീകാരം

ഐടി പാര്‍ക്കുകളില്‍ മദ്യവിതരണത്തിനുള്ള സര്‍ക്കാര്‍ നിര്‍ദേശം; നിയമസഭാ സമിതിയുടെ അംഗീകാരം

May 23, 2024 0 By Editor

തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. ചോയ്ല ഭേദഗതികളോടെയാണ് നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ച് തിരിച്ചയച്ചത്.

സര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ കാര്യമായ ഭേദഗതി വരുത്തിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. അംഗീകാരം ലഭിച്ചതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചശേഷം മദ്യ വിതരണത്തിനുള്ള നടപടി ആരംഭിക്കും. മദ്യം വിതരണം ചെയ്യാനുള്ള തീരുമാനത്തെ പ്രതിപക്ഷ എംഎല്‍എമാര്‍ സബ്ജക്ട് കമ്മിറ്റിയില്‍ എതിര്‍ത്തു.

ലൈസന്‍സ് നല്‍കുന്നതനു ചില പുതിയ നിര്‍ദേശങ്ങള്‍ സബ്ജക്ട് കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. എക്‌സൈസ്‌നിയമവകുപ്പുകള്‍ ചര്‍ച്ച നടത്തിയശേഷം പ്രത്യേക ചട്ടങ്ങള്‍ പുറത്തിറക്കും. നേരത്തെ ചര്‍ച്ച ചെയ്തതിനാല്‍ വീണ്ടും മന്ത്രിസഭ പരിഗണിക്കേണ്ടതില്ല. ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നതിന് എഫ്എല്‍ 4 സി എന്ന പേരില്‍ പുതിയ ലൈസന്‍സ് നല്‍കാനാണു തീരുമാനം.

സര്‍ക്കാര്‍ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള ഐടി പാര്‍ക്കുകളില്‍ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദകേന്ദ്രത്തില്‍ മദ്യശാല സ്ഥാപിക്കാം. ക്ലബ്ബ് മാതൃകയിലാകും പ്രവര്‍ത്തനം. ക്ലബ് അനുവദിക്കുമ്പോള്‍ നിയന്ത്രണച്ചുമതല ഡെവലപ്പര്‍ക്കോ കോ-ഡെവലപ്പര്‍ക്കോ ആകാമെന്നാണ് എക്‌സൈസ് ശുപാര്‍ശ. ടെക്‌നോപാര്‍ക്കിന്റെ കാര്യമെടുത്താല്‍ ഡെവലപ്പര്‍ ടെക്‌നോപാര്‍ക്കും കോ-ഡെവലപ്പര്‍മാര്‍ കമ്പനികളുമാണ്. ക്ലബ്ബ് ഫീസായ 20 ലക്ഷം ഈടാക്കാനാണ് ആലോചന. ബാറുകളുടെ പ്രവര്‍ത്തന സമയമായ രാവിലെ 11 മണി മുതല്‍ രാത്രി 11 മണിവരെ ഐടി പാര്‍ക്കുകളിലെ മദ്യശാലകള്‍ക്കും പ്രവര്‍ത്തിക്കാം.

മറ്റു ലൈസന്‍സികളെപോലെ ഐടി പാര്‍ക്കുകളിലെ ലൈസന്‍സികള്‍ക്കും ബവ്‌റിജസ് കോര്‍പറേഷന്റെ ഗോഡൗണുകളില്‍നിന്ന് മദ്യം വാങ്ങി മദ്യശാലയില്‍ വിതരണം ചെയ്യാം. ജോലി സമയത്ത് ജീവനക്കാര്‍ മദ്യപിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ബന്ധപ്പെട്ട കമ്പനിയാണ് തീരുമാനം എടുക്കേണ്ടത്. പുറത്തുനിന്ന് വരുന്നവര്‍ക്ക് മദ്യം വിതരണം ചെയ്യില്ല. ഐടി കമ്പനികളുടെ അതിഥികളായെത്തുന്നവര്‍ക്ക് മദ്യം നല്‍കാം.

മദ്യം ഒഴുക്കാനുള്ള തീരുമാനത്തിനെതിരെ വിയോജനക്കുറിപ്പ് നല്‍കുമെന്നും നിയമസഭയില്‍ വിഷയം ഉന്നയിക്കുമെന്നും സബ്ജക്ട് കമ്മിറ്റി അംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam