‘കുറഞ്ഞ സമയത്ത് വലിയ മഴയ്ക്ക് സാധ്യത, മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടായേക്കാം; ജാഗ്രത വേണം’: മുഖ്യമന്ത്രി

‘കുറഞ്ഞ സമയത്ത് വലിയ മഴയ്ക്ക് സാധ്യത, മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടായേക്കാം; ജാഗ്രത വേണം’: മുഖ്യമന്ത്രി

May 23, 2024 0 By Editor

തിരുവനന്തപുരം:  സംസ്ഥാനത്ത് കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പ്രതീക്ഷിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കുമെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുകയോ മാറിത്താമസിക്കുകയോ ചെയ്യണമെന്നും മുഖ്യമന്ത്രി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. ഇതിനോടകം സംസ്ഥാനത്താകെ 8 ക്യാംപുകളിലായി 223 പേരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.

സംസ്ഥാനത്ത് ഇന്ന് എറണാകുളം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നി ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്തുനിന്ന് കടലിൽ പോകാൻ പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

കനത്ത മഴ തുടർന്നാൽ, നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് മുഖ്യമന്ത്രിയുടെ നിർദേശത്തിൽ പറയുന്നു. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്നും, അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam