മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് എക്സിറ്റ് പോളുകൾ  പ്രഖ്യാപിച്ചതോടെ  കുതിച്ചുയർന്ന് സെന്‍സെക്‌സ്

മൂന്നാമതും മോദി വരുമെന്ന് എക്സിറ്റ് പോൾ പ്രവചനം; കുതിച്ചുകയറി ഓഹരി വിപണി

June 3, 2024 0 By Editor

എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപിക്ക് വന്‍ വിജയം പ്രവചിച്ചതിന് പിന്നാലെ പ്രതീക്ഷിച്ചതുപോലെ സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡ് ഉയരംകുറിച്ചു. 2,600 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. സെന്‍സെക്‌സ് 76,738 ഉം നിഫ്റ്റി 23,338ഉം കടന്നു.സെന്‍സെക്‌സില്‍ പവര്‍ ഗ്രിഡ്, എല്‍ ആൻഡ് ടി, എന്‍ടിപിസി, എസ്ബിഐ, ആക്‌സിസ് ബാങ്ക്, എം ആന്‍ഡ് എം, ഐസിഐസിഐ ബാങ്ക്, അള്‍ട്രാടെക് സിമെന്റ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ കുതിപ്പ് രേഖപ്പെടുത്തി.

ഈ ഓഹരികള്‍ മൂന്ന് മുതല്‍ ഏഴ് ശതമാനം വരെയാണ് ഉയര്‍ന്നത്. വ്യക്തിഗത ഓഹരികളില്‍ അദാനി പോര്‍ട്‌സ്, ശ്രീറാം ഫിനാന്‍സ്, പവര്‍ ഗ്രിഡ് എന്നിവ ആദ്യ വ്യാപാരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. ആറ് മുതല്‍ ഒന്‍പത് ശതമാനം വരെയാണ് ഓഹരി വില ഉയര്‍ന്നത്. അദാനി പോര്‍ട്‌സിന്റെ ഓഹരികള്‍ ഏകദേശം ഒന്‍പത് ശതമാനത്തോളമാണ് നേട്ടമുണ്ടാക്കിയത്. ബോര്‍ഡര്‍ മാര്‍ക്കറ്റുകളില്‍ നിഫ്റ്റി സ്‌മോള്‍കാപ് 2.73 ശതമാനവും മിഡ് കാപ് 2.4 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി.

മേയ് മാസത്തിലെ വിപണയിലെ ചാഞ്ചാട്ടം ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം താഴേക്കു പോകുമെന്ന് പ്രതീക്ഷിക്കുന്നതായി ഈ രംഗത്തുനിന്നുള്ള വിദഗ്ധര്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ വിപണികളിലെ ചാഞ്ചാട്ടം ഉയര്‍ന്ന് നില്‍ക്കാന്‍ സാധ്യതയുണ്ട്, ഏഞ്ചല്‍ വണ്ണിലെ ടെക്‌നിക്കല്‍ ആന്‍ഡ് ഡെറിവേറ്റീവ് വിഭാഗം റിസേര്‍ച്ച് ഹെഡ് സമീത് ചവാന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം വിപണിയുടെ ശ്രദ്ധ പുതിയതായി രൂപീകരിക്കുന്ന സര്‍ക്കാരിന്റെ ആദ്യ 100 ദിനങ്ങളിലെ പ്രവര്‍ത്തനങ്ങളിലേക്കും കേന്ദ്ര ബജറ്റിലേക്കും മാറുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനാറ ബാങ്ക്, എസ്ബിഐ, യുക്കോ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവ 3.50 ശതമാനത്തിലേറെ ഉയരത്തിലാണ്.