കേരളത്തിൽ വോട്ടെണ്ണൽ 20 കേന്ദ്രങ്ങളിൽ; സ്ട്രോങ് റൂമുകൾ തുറന്നു-LOK SABHA ELECTION RESULTS 2024
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ഉടൻ ആരംഭിക്കും. കനത്ത സുരക്ഷാ വലയത്തിൽ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾ രാവിലെ അഞ്ചരയോടെ തുറന്നു. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ ഫലസൂചന ഒമ്പത് മണിയോടെ ലഭിക്കും. ഓരോ ഘട്ടം പിന്നിടുമ്പോഴും ഫലസൂചന പുറത്തുവരുമെങ്കിലും വി.വിപാറ്റുകൾ കൂടി എണ്ണിത്തീർന്ന ശേഷമാണ് അന്തിമഫല പ്രഖ്യാപനം ഉണ്ടാകുക.
ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇ.ടി.പി.ബി), വീട്ടിലിരുന്ന് വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളുമായിരിക്കും ആദ്യം എണ്ണുക. അടുത്ത അരമണിക്കൂറിനുള്ളിൽ വോട്ടുയന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.
ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകൾ എണ്ണാൻ ഒരോ ഹാൾ ഉണ്ടായിരിക്കും. ഒരോ ഹാളിലും പരമാവധി 14 മേശകൾ ക്രമീകരിച്ചിട്ടുണ്ട്. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പർവൈസർ ഉണ്ടാവും. കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടുയന്ത്രം പരിശോധിച്ച് കേടുപാടുകൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മുദ്ര പൊട്ടിക്കും.
ഓരോ റൗണ്ടിലും എല്ലാ വോട്ടുയന്ത്രങ്ങളും എണ്ണിത്തീർന്ന ശേഷം തെരഞ്ഞെടുപ്പ് കമീഷന്റെ നിരീക്ഷകൻ അതിൽനിന്ന് ഏതെങ്കിലും രണ്ടു മെഷീൻ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയത് ശരിയാണെന്ന് ഉറപ്പാക്കും. അതു കഴിഞ്ഞാൽ ആ റൗണ്ടിന്റെ ടാബുലേഷൻ നടത്തി ആ റൗണ്ടിന്റെ റിസൽട്ട് റിട്ടേണിങ് ഓഫിസർ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. എല്ലാ റൗണ്ടിലെയും വോട്ടുയന്ത്രങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം മാത്രമേ വി.വിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷൻ നടത്തുകയുള്ളൂ. ഒരു വി.വിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണിത്തീരാൻ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിനുശേഷമാവും അന്തിമവിധി പ്രഖ്യാപനം.