കെ. സുധാകരനെ ഹൈക്കോടതി കുറ്റമുക്തനാക്കിയതിനെതിരേ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ; വിധിക്കെതിരേ വ്യക്തിപരമായി ജയരാജനും സമീപിക്കുമെന്ന് സൂചന

കെ. സുധാകരനെ ഹൈക്കോടതി കുറ്റമുക്തനാക്കിയതിനെതിരേ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

June 4, 2024 0 By Editor

കൊച്ചി: സി.പി.എം. നേതാവ് ഇ.പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ ഹൈക്കോടതി കുറ്റമുക്തനാക്കിയതിനെതിരേ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിധിക്കെതിരേ വ്യക്തിപരമായി ജയരാജനും സുപ്രീം കോടതിയെ സമീപിക്കുമെന്നാണു സൂചന.

കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അദ്ദേഹത്തിനെതിരായ എല്ലാ നിയമനടപടിയും ഒഴിവാക്കിക്കൊണ്ടു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസെടുക്കാന്‍ വൈകിയതും ഒരേ സംഭവത്തില്‍ രണ്ട് എഫ്.ഐ.ആര്‍. നിയമപരമല്ലെന്നതും വിധിയില്‍ ചൂണ്ടിക്കാട്ടി. സുധാകരനെതിരേ യാതൊരു തെളിവുമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍.

ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം തടസമല്ലെന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ തെളിവുകള്‍ ഹൈക്കോടതി പരിഗണിച്ചില്ല. പ്രതികള്‍ക്കു ജയരാജനോടു നേരിട്ട് വിരോധമുണ്ടായിരുന്നില്ല. പ്രതികളെ വാടകയ്‌ക്കെടുത്ത് സുധാകരനും സംഘവും കുറ്റകൃത്യം ആസൂത്രണം ചെയ്യുകയായിരുന്നു. ഇക്കാര്യത്തില്‍ രണ്ടാംപ്രതിയുടെ മൊഴി ഹൈക്കോടതി പരിഗണിച്ചില്ലെന്നും ആന്ധ്രാപ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവിലുണ്ടെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രോസിക്യൂഷന്‍ സുപ്രീം കോടതിയെ സമീപിക്കണമെന്നു ജയരാജന്‍ ആവശ്യപ്പെട്ടതും കണക്കിലെടുത്താണു സര്‍ക്കാര്‍ നടപടി. വധശ്രമവുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കേസില്‍ വിചാരണ തുടങ്ങാനിരിക്കേയാണു കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ചണ്ഡിഗഡില്‍ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് ട്രെയിനില്‍ മടങ്ങവേ 1995 ഏപ്രില്‍ 12-നാണ് ജയരാജനുനേരേ വധശ്രമമുണ്ടായത്. രാവിലെ പത്തോടെ ജയരാജന്‍ ട്രെയിനിലെ വാഷ് ബേസിനില്‍ മുഖംകഴുകുമ്പോള്‍ ഒന്നാംപ്രതി വിക്രംചാലില്‍ ശശി വെടിയുതിര്‍ക്കുകയായിരുന്നു.

കഴുത്തിലാണു വെടിയേറ്റത്. പേട്ട ദിനേശന്‍, ടി.പി. രാജീവന്‍, ബിജു, കെ. സുധാകരന്‍ എന്നിവരാണു മറ്റ് പ്രതികള്‍. പ്രതികള്‍ തിരുവനന്തപുരത്തു താമസിച്ച് ഗൂഢാലോചന നടത്തിയെന്നും ശശി, ദിനേശന്‍ എന്നിവരെ ആക്രമണത്തിനു നിയോഗിച്ചെന്നുമായിരുന്നു കുറ്റപത്രം.
കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ടു സുധാകരന്‍ ഹര്‍ജി സമര്‍പ്പിച്ചതിനേത്തുടര്‍ന്ന് 2016-ല്‍ വിചാരണാനടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.