ആറ്റിങ്ങല്‍ വിട്ടു കൊടുക്കാതെ അടൂർ പ്രകാശ്; പൊരിഞ്ഞ പോരാട്ടത്തില്‍ ജോയിയെ വീഴ്ത്തി
തിരുവനന്തപുരം: വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ഭൂരിപക്ഷം മാറിമറിഞ്ഞ ആറ്റിങ്ങലില്‍ രണ്ടാം വട്ടവും വിജയം ഉറപ്പിച്ച് അടൂര്‍ പ്രകാശ്. 1708 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെ അടൂര്‍ പ്രകാശ് പരാജയപ്പെടുത്തിയത്. മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ നേടി കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ വി. മുരളീധരന്‍ മൂന്നാമതെത്തി. 2019ല്‍ സിപിഎമ്മിലെ എ.സമ്പത്തിനെ വീഴ്ത്തി എല്‍ഡിഎഫ് കോട്ട പിടിച്ച അടൂര്‍ പ്രകാശ് രണ്ടാമങ്കത്തിൽ മണ്ഡലത്തെ വീണ്ടും ചേര്‍ത്തുനിര്‍ത്തി. സ്വതന്ത്രന്മാരായി മത്സരിച്ച പി.എല്‍.പ്രകാശ് 1673 വോട്ടും എസ്.പ്രകാശ് 703 വോട്ടും നേടി. പതിനായിരത്തോളം വോട്ടാണ് നോട്ടയ്ക്ക് വീണത്.
ഏതൊക്കെ സീറ്റ് പോയാലും ആറ്റിങ്ങല്‍ കിട്ടും എന്ന സിപിഎമ്മിന്റെ വിശ്വാസം തകര്‍ത്താണ് കഴിഞ്ഞ തവണ അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ പിടിച്ചത്. മണ്ഡലം തിരിച്ചു പിടിക്കാന്‍ ഉറച്ചാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെത്തന്നെ പാര്‍ട്ടി കളത്തിലിറക്കിയത്. കേന്ദ്രമന്ത്രി വി.മുരളീധരന്‍ കൂടി എത്തിയതോടെ ശക്തമായ മത്സരം ഫോട്ടോ ഫിനിഷിലേക്കു നീങ്ങുകയായിരുന്നു.
വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം. എല്ലായിടത്തും എല്‍ഡിഎഫാണ് ഭരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് 380995 വോട്ടു നേടിയപ്പോള്‍ സമ്പത്തിനു ലഭിച്ചത് 342748 വോട്ടുകള്‍. ഭൂരിപക്ഷം 38247 വോട്ട്. അതിനു മുന്‍പുള്ള തിരഞ്ഞെടുപ്പില്‍ എ.സമ്പത്ത് കോണ്‍ഗ്രസിലെ ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തിയത് 69378 വോട്ടുകള്‍ക്കാണ്. ശബരിമല വിഷയത്തില്‍ ഹിന്ദു വോട്ടര്‍മാരില്‍ ഒരു വിഭാഗം ബിജെപിക്ക് അനുകൂലമായി ചിന്തിച്ചത് പാര്‍ട്ടി വോട്ടുകള്‍ ചോര്‍ത്തി. ബിജെപിയില്‍നിന്ന് കഴിഞ്ഞ തവണ മത്സരിച്ചത് ശോഭ സുരേന്ദ്രനാണ്. ശബരിമല വിഷയം കത്തിനില്‍ക്കുന്ന കാലമായതിനാല്‍ വോട്ട് വിഹിതത്തിലും വര്‍ധനയുണ്ടായി. മുന്‍ തിരഞ്ഞെടുപ്പില്‍ എസ്.ഗിരിജകുമാരി നേടിയ 90528 വോട്ടുകള്‍ ശോഭ 248081 വോട്ടായി ഉയര്‍ത്തി. ഇതോടെയാണ്, മണ്ഡലത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരനെത്തന്നെ കളത്തിലിറക്കാന്‍ ബിജെപി തീരുമാനിച്ചത്.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച എ.സമ്പത്തിന് നെടുമങ്ങാട്ടു മാത്രം ആയിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതൊഴിച്ചാല്‍ മറ്റ് ആറിടത്തും ലീഡ് ചെയ്തത് അടൂര്‍ പ്രകാശ് ആയിരുന്നു. പക്ഷേ 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴിടത്തും ജയിച്ചത് എല്‍ഡിഎഫാണ്.