ഡിവൈഎഫ്ഐ നേതാവ് വനിതാ നേതാക്കളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി

പത്തനാപുരം: ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിൽ എൽഡിഎഫിലെ വനിതാ നേതാക്കളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി. പാർട്ടിക്കുള്ളിൽ നടപടിയെടുത്ത് സംഭവം ഒതുക്കാനും ശ്രമം. എൽഡിഎഫിലെ ഒരു പാർട്ടിയുടെ ലോക്കൽ സെക്രട്ടറി, മേഖലയിലെ മുൻ വനിതാ പഞ്ചായത്ത് പ്രസിഡന്റ്, എസ്എഫ്ഐയുടെ ജില്ലാ ഭാരവാഹികൾ എന്നിവരെല്ലാം ഡിവൈഎഫ്ഐ നേതാവിന്റെ മോർഫിങ് കെണിയിൽപെട്ടുവെന്നാണ് ആരോപണം.

എസ്എഫ്ഐ നേതാക്കളിൽ ഒരാളുടെ മോർഫ് ചെയ്ത ചിത്രം മെസേജിങ് ആപ്പ് ആയ ടെലിഗ്രാമിൽ പ്രചരിപ്പിച്ചത് യുവതിയുടെ ബന്ധുക്കൾ അറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവർ പാർട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും ഡിവൈഎഫ്ഐ നേതാവിനെതിരെ പരാതി നൽകാതെ ഒതുക്കി തീർക്കാനായിരുന്നു നേതൃത്വത്തിന്റെ നീക്കം.

പ്രദേശത്തെ സർവീസ് സഹകരണ ബാങ്ക് താൽക്കാലിക ജീവനക്കാരൻ കൂടിയായ പ്രധാന പ്രതി, സംഭവം പുറത്തായതോടെ ഒളിവിൽ പോയി. കൂട്ടുപ്രതികളെന്നു സംശയിക്കുന്ന ഡിവൈഎഫ്ഐയുടെ 2 പ്രധാന നേതാക്കളെ പാർട്ടി സംരക്ഷിക്കുന്നതായും ആരോപണമുണ്ട്.

സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും വനിതാ നേതാക്കൾ മാത്രമാണ് ഇവരുടെ ഇരയെന്നു കരുതിയിരിക്കുമ്പോഴാണ് മുന്നണിയിലെ തന്നെ മറ്റൊരു പാർട്ടിയിലെ വനിതാ നേതാവിന്റെ മോർഫ് ചെയ്ത ചിത്രവും പുറത്തു വന്നത്. ഇവർ റൂറൽ എസ്പിക്ക് പരാതി നൽകി. പരാതി നൽകി രണ്ട് ദിവസമായിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

പരാതി ലഭിച്ചെന്ന കാര്യം പോലും പൊലീസ് ആദ്യം മറച്ചു വച്ചു. ഇതിനിടെ എസ്എഫ്ഐ വനിതാ നേതാക്കൾ സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതി പ്രവർത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റിയിൽ നിന്നു പുറത്താക്കിയതായി അറിയിപ്പ് വന്നിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story