വിവാദ​മായ ‘കാഫിർ’ പോസ്റ്റ് പിൻവലിച്ച് കെ.കെ. ലതിക; ഫെയ്സ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തു

വിവാദ​മായ ‘കാഫിർ’ പോസ്റ്റ് പിൻവലിച്ച് കെ.കെ. ലതിക; ഫെയ്സ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തു

June 16, 2024 0 By Editor

കോഴിക്കോട്: വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച പോസ്റ്റ് പിന്‍വലിച്ച് മുൻ എം.എൽ.എയും സി.പി.എം. സംസ്ഥാനസമിതി അംഗവുമായ കെ.കെ. ലതിക. ഫെയ്‌സ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തു. ലതികയെ അറസ്റ്റ് ചെയ്യണമെന്ന് നേരത്തെ യു.ഡി.എഫ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

നേരത്തെ കെ.കെ. ലതികയിൽനിന്ന് മൊഴിയെടുക്കുകയും അവരുടെ ഫോൺ സൈബർസെൽ പരിശോധിക്കുകയും ചെയ്തിരുന്നു. ലതിക വിവാദസന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് പോസ്റ്റുചെയ്തു എന്ന മൊഴിയെത്തുടർന്നായിരുന്നു നീക്കം. വിവാദസന്ദേശം പോരാളി ഷാജിയുടെ ഫെയ്‌സ്ബുക്ക് പേജിൽനിന്ന് നീക്കംചെയ്യണമെന്ന് പോലീസ് നിരന്തരം ഫെയ്‌സ്ബുക്കിനോട് ആവശ്യപ്പെട്ടെന്ന് പറയുമ്പോഴും ലതികയുടെ പേജിൽനിന്ന് ഇതുവരെ സന്ദേശം നീക്കിയിട്ടുണ്ടായിരുന്നില്ല.

യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ എം.എസ്.എഫ്. ജില്ലാസെക്രട്ടറി പി.കെ. മുഹമ്മദ് കാസിം പോസ്റ്റ് ചെയ്ത സന്ദേശമെന്ന പേരിലാണ് വ്യാജസന്ദേശം ഏപ്രിൽ 25-ന് പ്രചരിച്ചത്. എന്നാൽ, കാസിമിന്റെ ഫോണിൽനിന്ന് ഇത്തരമൊരു സന്ദേശം പോസ്റ്റുചെയ്യുകയോ പങ്കിടുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. തൊട്ടുപിന്നാലെ, കേസിന്റെ അന്വേഷണമുന സി.പി.എം. അനുകൂല സൈബർപേജുകളിലേക്ക് നീളുന്ന സ്ഥിതിയുമുണ്ടായി. സന്ദേശം പുറത്തുവന്നതുമുതൽ യു.ഡി.എഫിനെതിരേ വ്യാപകമായ പ്രചാരണമായിരുന്നുനടന്നത്. അമ്പാടിമുക്ക് സഖാക്കൾ എന്ന പേജിലാണ് ആദ്യം ഈ പോസ്റ്റ് വന്നതെന്നാണ് നിലവിലെ ആരോപണം. ഇതിൽ വ്യക്തത വരുത്താൻ പോലീസ് ഫെയ്‌സ്ബുക്കിൽനിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. വിവാദപോസ്റ്റിട്ട പോരാളി ഷാജിയുടെ പേജിന്റെ വിവരങ്ങളും തേടി. ഇത് രണ്ടും സി.പി.എം. അനുകൂല ഫെയ്‌സ്ബുക്ക് പേജുകളാണ്.
Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam