തുടര്‍ച്ചയായ ഭൂചലനം: അതീവ ജാഗ്രത പുലര്‍ത്തണം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ രാജന്‍

തുടര്‍ച്ചയായ ഭൂചലനം: അതീവ ജാഗ്രത പുലര്‍ത്തണം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ രാജന്‍

June 16, 2024 0 By Editor

തൃശൂർ: തൃശൂരിൽ തുടര്‍ച്ചയായി രണ്ട് ദിവസം ഭൂചലനം അനുഭവപ്പെട്ട സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ആവശ്യമായ തുടര്‍നടപടി സ്വീകരിക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മന്ത്രിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു.

കുന്നംകുളം താലൂക്കിലെ എരുമപ്പെട്ടി, പഴഞ്ഞി മേഖലയില്‍ ജൂണ്‍ 15ന് രാവിലെ 8.15ന് ഉണ്ടായ ഭൂചലനം നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് 3.0 ആയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഒരു മുഴക്കത്തോട് കൂടി നാല് സെക്കന്റ് നീണ്ടതായും, ഒബ്‌സര്‍വേറ്ററിയില്‍ വെണ്‍മനാട് സ്ഥലം കാണിച്ചതായും അധികൃതര്‍ അറിയിച്ചു. അതേസമയം ജൂണ്‍ 16ന് പുലർച്ചെ 03.55 ന് ഉണ്ടായ ഭൂചലനം 2.9 ആയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂചലനങ്ങള്‍ പ്രവചിക്കുന്നതിന് നിലവില്‍ സാങ്കേതിവിദ്യകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ പ്രദേശത്ത് ആവശ്യമായ ജാഗ്രത പുലര്‍ത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ആശങ്ക ദൂരീകരിക്കുന്നതിനും സ്വീകരിക്കേണ്ടതായ മുന്‍കരുതലുകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണം. എവിടെയെങ്കിലും പ്രത്യേക സാഹചര്യങ്ങള്‍ ഉള്ളതായി അറിവായാല്‍ ഉടനെ ഗ്രാമപഞ്ചായത്ത്, ജിയോളജി വിഭാഗം ഉദ്യേഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് ചെയ്യാനും തഹസില്‍ദാര്‍മാര്‍ക്കും, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി. ചലനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, കെട്ടിടങ്ങളിലുള്ളവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും, കഴിയുന്നിടത്തോളം തുറസ്സായ സ്ഥലങ്ങളിലേക്ക് മാറാനും ജനങ്ങള്‍ക്ക് ആവശ്യമായ ബോധവത്കരണം നടത്താനും യോ​ഗത്തിൽ നിര്‍ദേശിച്ചു. മുന്‍കരുതലുകള്‍ സംബന്ധിച്ച് ജനപ്രതിനിധികള്‍ക്ക് ആവശ്യമായ അറിവ് നല്‍കാനും ആവശ്യപ്പെട്ടു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam