ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തിയ കേസില് അനുജന് ജീവപര്യന്തം തടവ്
നെയ്യാറ്റിന്കര: ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തിയ കേസില് പ്രതിക്ക് ജീവപര്യന്തം. നെയ്യാറ്റിന്കര താലൂക്കില് പള്ളിച്ചല് പൂങ്കോട് ബാബാനിവാസില് താമസിച്ചിരുന്ന ശിവനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അനുജൻ മുരുകനെ (46) ജീവപര്യന്തം കഠിനതടവിനും 25,000 രൂപ പിഴ ഒടുക്കാനുമാണ് നെയ്യാറ്റിന്കര അഡീഷനല് ജില്ല ജഡ്ജി എ.എം. ബഷീര് വിധിച്ചത്.
302 വകുപ്പ് പ്രകാരമാണ് ശിക്ഷ. 2018 ജൂൺ 11ന് രാത്രി 8.15 ഓടെയാണ് കേസിനാസ്പദമായ സംഭവം. പിഴത്തുകയൊടുക്കാതിരുന്നാൽ ആറുമാസം അധികതടവും അനുഭവിക്കണം. കൂടാതെ മരണപ്പെട്ട ശിവന്റെ വിധവക്ക് വിക്ടിം കോമ്പന്സേഷന് ആക്ട് പ്രകാരം ഉള്ള നഷ്ടപരിഹാരത്തിന് ജില്ല ലീഗല് സര്വിസ് അതോറിറ്റിക്ക് കോടതി ശിപാര്ശ ചെയ്തിട്ടുള്ളതായി വിധിയില് പരാമര്ശിച്ചിട്ടുണ്ട്.
ബാലരാമപുരം ഇന്സ്പെക്ടറായിരുന്ന എസ്.എം. പ്രദീപ് കുമാറാണ് കേസന്വേഷിച്ചത്. സര്ക്കാറിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര് പാറശ്ശാല എ. അജികുമാര് കോടതിയില് ഹാജരായി. സീനിയര് സിവില് പൊലീസ് ഓഫിസര് ശ്രീകല പ്രോസിക്യൂഷൻ സഹായിയായിരുന്നു.