ചിലിയെ വീഴ്ത്തി കോപ്പയിൽ വിജയക്കുതിപ്പ് തുടർന്ന് അർജന്റീന
ന്യൂ ജഴ്‌സി: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയ്ക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ചിലിയെ തോല്‍പ്പിച്ചത്. സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിന്റെ 86-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസ് ആല്‍ബിസെലസ്റ്റുകളുടെ രക്ഷകനായി. ലയണല്‍ മെസ്സിയുടെ പാസില്‍ നിന്നാണ് താരത്തിന്റെ ഗോള്‍.
അല്‍പ്പം വിരസമായാണ് മത്സരം തുടങ്ങിയത്. ആദ്യ പകുതിയില്‍ അര്‍ജന്റീനയ്ക്ക് മത്സരം നിയന്ത്രിക്കാനായി. എന്നാല്‍ ഗോള്‍വല ചലിപ്പിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തില്‍ പെറുവിനെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനം ഇത്തവണയും ചിലി ഗോള്‍കീപ്പര്‍ ക്ലൗഡിയോ ബ്രാവോ ആവര്‍ത്തിച്ചു. ഇതോടെ അര്‍ജന്റീനന്‍ മുന്നേറ്റങ്ങള്‍ ഓരോന്നായി നിഷ്ഫലമായി.
രണ്ടാം പകുതിയിലും അര്‍ജന്റീന മുന്‍തൂക്കം തുടര്‍ന്നു. പക്ഷേ വളരെ വൈകിയെങ്കിലും ചിലി മത്സരത്തിലേക്ക് തിരികെ വന്നു. 72-ാം മിനിറ്റിലാണ് ചിലിയുടെ ആദ്യ ഷോട്ട് വലയിലേക്ക് പോയത്. പിന്നാലെ അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ തകര്‍പ്പന്‍ സേവുകള്‍ ചിലിയുടെ ഗോള്‍മോഹം തടഞ്ഞുനിര്‍ത്തി. 73-ാം മിനിറ്റിലാണ് അര്‍ജന്റീനന്‍ നിരയിലേക്ക് എയ്ഞ്ചല്‍ ഡി മരിയ എത്തിയത്.
മത്സരം 80 മിനിറ്റ് പിന്നിട്ട ശേഷം ഒരു ഗോളിനായി ആല്‍ബിസെലസ്റ്റുകള്‍ ശക്തമായി പോരാടി. ഒടുവില്‍ 86-ാം മിനിറ്റില്‍ ആരാധകരുടെ ഹൃദയം നിറച്ച ഗോള്‍ പിറന്നു. മെസ്സിയെടുത്ത കോര്‍ണര്‍ കിക്ക് ലൗട്ടാരോ മാര്‍ട്ടിനെസ് കിടിലന്‍ ഒരു ഷോട്ടിലൂടെ വലയിലാക്കി. അവേശിച്ച സമയം തിരികെ വരാന്‍ ചിലിയുടെ സംഘത്തിന് കഴിഞ്ഞില്ല. ഇതോടെ കോപ്പ അമേരിക്കയില്‍ അര്‍ജന്റീനന്‍ വിജയഗാഥ തുടരുന്നു