കൊച്ചിയിൽ ബ്രാൻഡഡ് വാച്ചുകളുടെയും സൺഗ്ലാസുകളുടെയും ‘വ്യാജന്മാർ’ പിടിയിൽ

കൊച്ചിയിലും തിരൂരിലും ബ്രാൻഡഡ് വാച്ചുകളുടെയും സൺഗ്ലാസുകളുടെയും ‘വ്യാജന്മാർ’ പിടിയിൽ

June 27, 2024 0 By Editor

പ്രമുഖ രാജ്യാന്തര ബ്രാൻഡഡ് വാച്ചുകളുടെയും സൺഗ്ലാസുകളുടെയും വ്യാജ പകർപ്പുകൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ കസ്റ്റംസ് പ്രിവന്റിവ് കൊച്ചി യൂണിറ്റിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധന.

കൊച്ചി ബ്രോഡ്‍വേയിലും മലപ്പുറം ജില്ലയിലെ തിരൂരിലുമായി നടന്ന പരിശോധനയിൽ തിരൂരിലെ 6 വാച്ച് വിൽപ്പനക്കടകളിൽനിന്ന് 8500ലേറെയും ബ്രോഡ്‍വേയിലെ രണ്ടു കടകളിൽനിന്ന് അറുന്നൂറിലേറെയും വാച്ചുകൾ അധികൃതർ പിടികൂടി. ചൈനയിൽ നിർമിച്ച് ഇറക്കുമതി ചെയ്തവയാണ് ഇവയെല്ലാം.

പകർപ്പവകാശ ലംഘനത്തിന് തിരൂരിൽ 6 എഫ്ഐആറുകളും കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ 2 എഫ്ഐആറുകളും റജിസ്റ്റർ ചെയ്തു. ലക്ഷക്കണക്കിനു രൂപ വിലവരുന്ന ടിസോട്ട്, റാഡോ, ലോൻജെൻസ്, കാസിയോ ജി ഷോക്ക് തുടങ്ങിയ വാച്ചുകളുടെയും റെയ്ബാൻ സൺഗ്ലാസുകളുടെയും തനിപ്പകർപ്പുകളുടെ ശേഖരമാണ് പിടിച്ചെടുത്തത്. വിപണിയിൽ ലക്ഷക്കണക്കിനു രൂപ വില വരുന്നവയാണു ലോൻജെൻ, റാഡോ തുടങ്ങിയ ബ്രാൻഡുകളിലെ പല മോഡലുകളും.

കേരളത്തിൽ ആദ്യമായാണ് ഇത്രയും വലിയ വാച്ച് ശേഖരം പിടിച്ചെടുക്കുന്നതെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും രാവിലെ 10 മണിയോടെ ആരംഭിച്ച പരിശോധന വൈകിട്ട് വരെ നീണ്ടു. ഇത്തരം വാച്ചുകളുടെ വിപുലശേഖരം സൂക്ഷിച്ചിട്ടുള്ള ചില സ്ഥാപനങ്ങളെക്കുറിച്ചുകൂടി വിവരം ലഭിച്ചിട്ടുണ്ടെന്നും അവ നിരീക്ഷണത്തിലാണെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.

കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ കെ.പത്മാവതി, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാംസുന്ദർ, മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധനകൾ.