സഭയിൽ പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധി: 'വിദ്വേഷം പടര്‍ത്താനുള്ളതല്ല ഹിന്ദുമതം' എന്ന് മോദി; രാഹുൽ മാപ്പുപറയണം-അമിത് ഷാ
ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവെന്ന നിലയിലുള്ള രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റിലെ കന്നിപ്രസംഗം രൂക്ഷമായ വാഗ്വാദത്തിലേക്ക് നയിച്ചു. കേന്ദ്രത്തിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച രാഹുലിന്റെ പ്രസംഗത്തില്‍ ഹിന്ദുമതവുമായി ബന്ധപ്പെട്ട പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു.
ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളേയും പ്രതിനിധീകരിക്കുന്നില്ലെന്നും വ്യക്താക്കി. ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ അക്രമത്തെക്കുറിച്ചും വെറുപ്പിനെക്കുറിച്ചും അസത്യത്തെക്കുറിച്ചും സംസാരിക്കുന്നെന്ന് രാഹുല്‍ ആരോപിച്ചു. ഹിന്ദു മതം അക്രമ രാഹിത്യത്തെക്കുറിച്ചും സത്യത്തോടൊപ്പം നില്‍ക്കുന്നതിനെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പ്രധാനമന്ത്രി മോദി വിഷയത്തില്‍ ഇടപെട്ടു. ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തുന്നതാണ് പരാമര്‍ശമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹമാകെ അക്രമാസക്തരെന്നാണ് രാഹുല്‍ പറഞ്ഞതെന്ന് മോദി ആരോപിച്ചു. ഇതോടെ രാഹുല്‍ മാപ്പു പറയണമെന്ന ആവശ്യവുമായി അമിത് ഷായും രംഗത്തെത്തി.
ഇതിനിടെ പരമശിവന്റെ ചിത്രം രാഹുല്‍ ലോക്‌സഭയില്‍ ഉയര്‍ത്തിയതും ഭരണപക്ഷത്തെ ചൊടിപ്പിച്ചു. സ്പീക്കര്‍ ഓം ബിര്‍ള ഇത് തടഞ്ഞു. ശിവന്റെ ചിത്രം കാണിച്ച രാഹുല്‍ തന്റെ സന്ദേശം നിര്‍ഭയത്വത്തെയും അഹിംസയെയും കുറിച്ചാണെന്ന് പറഞ്ഞു. സമാനമായ ആശയം ഉന്നയിക്കാന്‍ ബുദ്ധ,ജൈന, സിഖ്, ഇസ്ലാം മതങ്ങളെ കുറിച്ചും രാഹുല്‍ പറഞ്ഞു.
ഭരണഘടനയ്ക്കും ഇന്ത്യയുടെ അടിസ്ഥാന ആശയത്തിനും നേരെ ബി.ജെ.പി ആസൂത്രിതമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഭരണപക്ഷത്തിന്റെ ആശയങ്ങളെ ജനം തള്ളിയെന്നും രാഹുല്‍ വ്യക്തമാക്കി.പ്രധാനമന്ത്രി തന്നെയും അക്രമിക്കാന്‍ നിര്‍ദേശിച്ചെന്ന് അദ്ദേഹം പറഞ്ഞു.'പ്രധാനമന്ത്രി മോദിയുടെ നിര്‍ദേ ശപ്രകാരമാണ് താന്‍ ആക്രമിക്കപ്പെട്ടത്. ഇരുപതിലധികം കേസുകള്‍ എനിക്കെതിരെ എടുത്തു. വീടും തട്ടിയെടുത്തു. 55 മണിക്കൂറോളം ഇ.ഡിയെകൊണ്ട് ചോദ്യം ചെയ്യിപ്പിച്ചു' രാഹുല്‍ പറഞ്ഞു. ഈ വെല്ലുവിളികള്‍ക്കിടയിലും ഭരണഘടന സംരക്ഷിക്കാനുള്ള കൂട്ടായ ശ്രമത്തില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.