പിഴ അടയ്ക്കണമെന്ന് അറിയിച്ച് ‘പരിവാഹൻ’ മെസേജ്; കോഴിക്കോട് ഓൺലൈൻ തട്ടിപ്പിൽ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 47,000 രൂപ

പിഴ അടയ്ക്കണമെന്ന് അറിയിച്ച് ‘പരിവാഹൻ’ മെസേജ്; കോഴിക്കോട് ഓൺലൈൻ തട്ടിപ്പിൽ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 47,000 രൂപ

July 2, 2024 0 By Editor

കോഴിക്കോട്: ഓൺലൈൻ തട്ടിപ്പിൽ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 47,000 രൂപ. കുന്ദമംഗലം സ്വദേശിയായ ഡപ്യൂട്ടി മാനേജർക്കാണ് 29ന് രാത്രിയിൽ പണം നഷ്ടമായത്. 30ന് സാധനങ്ങൾ വാങ്ങിയശേഷം പണം നൽകാൻ കാർഡ് നൽകിയപ്പോഴാണ് അക്കൗണ്ടിൽ പണം ഇല്ലെന്ന് അറിയുന്നത്. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് തലേന്ന് രാത്രി പണം നഷ്ടമായ വിവരം മനസ്സിലാക്കുന്നത്.

ജൂൺ 21ന് ഉദ്യോഗസ്ഥയുടെ വാട്സാപ്പ് നമ്പറിലേേക്ക് മെസേജ് വന്നിരുന്നു. പിഴ അടയ്ക്കാനുണ്ടെന്നറിയിച്ച് ‘പരിവാഹൻ’ വിഭാഗത്തിൽ നിന്നാണ് മെസേജ് വന്നത്. എപികെ ഫയലായാണ് വന്നത്. ഈ മെസേജ് തുറന്നു നോക്കിയെങ്കിലും ഇതിനോട് പ്രതികരിച്ചില്ല. എന്നാൽ എപികെ ഫയൽ തുറന്നതോടെ ഫോണിൽ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുകാർക്ക് ശേഖരിക്കാനായി എന്നാണ് അറിയാൻ സാധിച്ചതെന്ന് ഉദ്യോഗസ്ഥയുടെ ഭർത്താവ് പറഞ്ഞു. ആസൂത്രിതമായ തട്ടിപ്പാണ് നടന്നതെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടാറ്റ പവർ ഡൽഹി, മധ്യപ്രദേശ് വൈദ്യതി കേന്ദ്രം എന്നിവിടങ്ങളിലെ ബിൽ അടയ്ക്കാനാണ് തുക ഉപയോഗിച്ചിരിക്കുന്നത്. ആയിരത്തിൽ താഴെ മാത്രമുള്ള ബില്ലുകൾക്ക് പത്തൊൻപതിനായിരത്തോളം രൂപയാണ് ബിൽ അടച്ചത്. ഇങ്ങനെ മൂന്ന് ട്രാൻസാക്ഷനുകളിലായാണ് അക്കൗണ്ടിലെ പണം മുഴുവൻ പിൻവലിച്ചത്. ടാറ്റ പവറിലേക്കും മറ്റും അധികമായി അടച്ച പണം തട്ടിപ്പ് സംഘം റീഫണ്ട് ചെയ്ത് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് വിവരം.

പണം നഷ്ടമായെന്ന് അറിയിച്ച് 30ന് തന്നെ സൈബർ സെല്ലിൽ ഓൺലൈനായി പരാതി നൽകി. ഇന്നലെ കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ നേരിട്ടും പരാതി നൽകി. എന്നാൽ പണം ലഭിക്കാൻ സാധ്യതയില്ലെന്ന തരത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ സംസാരിച്ചതെന്ന് പരാതിക്കാരൻ പറഞ്ഞു. പരാതി സ്വീകരിച്ചതല്ലാതെ എഫ്ഐആർ ഇടാനോ കേസ് അന്വേഷിക്കാനോ പൊലീസ് തയാറായില്ലെന്നും പരാതിക്കാരൻ പറഞ്ഞു.