കലയുടെ കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ് ; അനിൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്നും മാറ്റിയിരുന്നതായി സംശയം

കലയുടെ കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ് ; അനിൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്നും മാറ്റിയിരുന്നതായി സംശയം

July 4, 2024 0 By Editor

ആലപ്പുഴ: മാന്നാറിലെ കൊലപാതകത്തില്‍ ഒന്നാം പ്രതി അനില്‍ കുമാര്‍ കലയുടെ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റിയെന്ന സംശയത്തില്‍ പൊലീസ്. മൃതദേഹം ആദ്യം സെപ്റ്റിക് ടാങ്കില്‍ തള്ളിയ ഒന്നാംപ്രതി കൂട്ടുപ്രതികളറിയാതെ മൃതദേഹം ഇവിടെനിന്ന് മാറ്റിയോ എന്നതാണ് അന്വേഷണസംഘത്തിന്റെ സംശയം. അതിനാല്‍ തന്നെ ഒന്നാംപ്രതിയായ അനില്‍കുമാറിനെ ഇസ്രയേലില്‍ നിന്ന് നാട്ടിലെത്തിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തതവരികയുള്ളു.

കലയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയതായി അറസ്റ്റിലായ പ്രതികളിലൊരാളാണ് മൊഴി നല്‍കിയത്. ഇതനുസരിച്ചാണ് പോലീസ് സംഘം അനില്‍കുമാറിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയത്. എന്നാല്‍, ഈ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങളൊന്നും കിട്ടിയില്ലെന്നാണ് സൂചന. ഇതോടെയാണ് ഒന്നാംപ്രതി അനില്‍കുമാര്‍ മൃതദേഹം മാറ്റിയോ എന്ന സംശയമുയരുന്നത്. ടാങ്കില്‍ നിന്ന് ലോക്കറ്റ്, ക്ലിപ്, അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് എന്നിവ കിട്ടിയിരുന്നു. കൂട്ടുപ്രതികള്‍ക്കും സെപ്റ്റിക് ടാങ്കില്‍ മൃതദേഹം ഉപേക്ഷിച്ചതുവരെയുള്ള കാര്യങ്ങളേ അറിയൂ.

അനിലാണ് കേസിലെ ഒന്നാം പ്രതി. മറ്റു 3 പ്രതികളെ ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 8 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അനിലിന്റെ ബന്ധുക്കളും ഇരമത്തൂര്‍ സ്വദേശികളുമായ സോമരാജന്‍ കെസി പ്രമോദ്, ജിനു എന്നിവരെയാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. 2009 ഡിസംബര്‍ ആദ്യ ആഴ്ചയിലാണ് കല കൊല്ലപ്പെട്ടത്.

2009 ഡിസംബറിലെ ആദ്യ ആഴ്ച പെരുമ്പുഴ പാലത്തിന് മുകളില്‍ കാറില്‍വെച്ചാണ് കലയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.കലയ്ക്കു പരപുരുഷ ബന്ധമുണ്ടെന്ന് സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകം നടത്താനായി പെരുമ്പുഴ പാലം തിരഞ്ഞെടുത്തത് മൃതദേഹം ആറ്റില്‍ തള്ളുകയെന്ന പദ്ധതിയനുസരിച്ചാണെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍, സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ പ്രതികള്‍ പദ്ധതി മാറ്റുകയായിരുന്നു.

കലയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്തെന്നാണ് പൊലീസിന്റെ എഫ്‌ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്. മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്ന് വ്യക്തമാക്കിയിരുന്നില്ല. കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ മാത്രമാണ് മൃതദേഹം സെപ്റ്റിക് ടാങ്കിലാണ് ഉപേക്ഷിച്ചതെന്ന മൊഴി നല്‍കിയത്. ഇതനുസരിച്ചാണ് പൊലീസ് സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയത്. ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ കേസായതിനാല്‍ മൃതദേഹം കണ്ടെത്താന്‍ പലയിടങ്ങളിലും പരിശോധന നടത്തേണ്ടിവരുമെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam