
അപൂർവ നിധിയുടെ നിലവറ, ബാങ്കിൽ 600 കോടി; 60,426 ഏക്കർ: പുരി ജഗന്നാഥന്റെ രത്നഭണ്ഡാരം 46 വര്‍ഷത്തിന് ശേഷം ഇന്ന് തുറക്കും
July 14, 2024ഭുവനേശ്വര്‍: ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം ഇന്ന് തുറക്കുന്നു. 46 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഭണ്ഡാരം തുറക്കുന്നത്. ഭണ്ഡാരത്തിലെ ആഭരണങ്ങളുടെയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുപ്പിനായാണ് തുറക്കുന്നത്.
അവസാനമായി 1978 ലാണ് ഭണ്ഡാരം തുറന്നത്. ബിജെപി സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി ഉടനെയാണ് തീരുമാനം. ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരം ജൂലൈ 14 ന് തുറക്കും. തീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചെന്നും നിലവറ നവീകരിക്കുമെന്നും സ്വത്തിന്റെ കണക്കെടുക്കുമെന്നും ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദന്‍ പറഞ്ഞു.
സര്‍ക്കാര്‍ അംഗീകരിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ജെടിഎ ചീഫ് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഭണ്ഡാരം തുറക്കുക. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അംഗങ്ങളും ക്ഷേത്ര സേവകരും സംഘത്തിലുണ്ടാകും. ആഭരണങ്ങളുടെ ശേഖരണ പ്രക്രിയയില്‍ സുതാര്യത നിലനിര്‍ത്താനാണ് ആര്‍ബിഐയുടെ സഹായം തേടിയത്. കണക്കെടുപ്പിന്റെ സമയത്ത് ആര്‍ബിഐ പ്രതിനിധികളെ ഉള്‍പ്പെടുത്തി മാനേജിംഗ് കമ്മിറ്റി രൂപീകരിച്ച ടീമിന് പിന്തുണ നല്‍കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 1978-ല്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ 70 ദിവസത്തിലധികം സമയമെടുത്തു.
പ്രക്രിയ വേഗത്തിലാക്കാന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് ഒഡീഷ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഭാവിയിലെ റഫറന്‍സിനായി ആഭരണങ്ങളുടെ ഡിജിറ്റല്‍ കാറ്റലോഗ് സൃഷ്ടിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ ഫോട്ടോകള്‍ എടുക്കുമെന്നും ഹരിചന്ദന്‍ ശനിയാഴ്ച സൂചിപ്പിച്ചു.
ക്ഷേത്ര സമുച്ചയത്തില്‍ ജഗമോഹനത്തിന്റെ വടക്കുഭാഗത്തായി 60 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണു രത്‌നഭണ്ഡാരം. 11.78 മീറ്റര്‍ ഉയരമുള്ള ഭണ്ഡാരത്തിന് 8.79 മീറ്റര്‍ നീളവും 6.74 മീറ്റര്‍ വീതിയുമാണുള്ളത്. ബഹാര ഭണ്ഡാര്‍, ഭിതാര ഭണ്ഡാര്‍ എന്നിങ്ങനെ രണ്ട് അറകളുണ്ട്. ബ്രിട്ടിഷ് ഭരണകാലത്താണു രത്നഭണ്ഡാരത്തിലെ വസ്തുക്കളുടെ ഔദ്യോഗിക കണക്കു തയാറാക്കിയത്. 1805 ജൂണ്‍ 10ന് പുരി കലക്ടര്‍ ചാള്‍സ് ഗ്രോം കണക്കെടുത്തു. 64 സ്വര്‍ണ, വെള്ളി ആഭരണങ്ങള്‍, 128 സ്വര്‍ണ നാണയങ്ങള്‍, 24 സ്വര്‍ണപ്പതക്കങ്ങള്‍, 1297 വെള്ളി നാണയങ്ങള്‍, 106 ചെമ്പു നാണയങ്ങള്‍, 1333 തരം വസ്ത്രങ്ങള്‍ എന്നിവയുണ്ടെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്.