അർജുനായുള്ള കാത്തിരിപ്പ് 5-ാം ദിവസത്തിലേക്ക്; തെരച്ചിൽ അതിരാവിലെ മുതൽ

ബം​ഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് രാവിലെ പുനഃരാരംഭിക്കും. വെള്ളിയാഴ്ച രാത്രി ഒൻപത് മണിക്ക് തെരച്ചിൽ നിർത്തി വയ്ക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി രക്ഷാപ്രവ‍ർത്തനം നടത്താൻ വലിയ ലൈറ്റുകൾ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും തെരച്ചിൽ അൽപസമയം കൂടി തുടരുകയും ചെയ്തു.

എന്നാൽ മേഖലയിൽ മഴ അതിശക്തമായ മഴ പെയ്യുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ തെരച്ചിൽ നിർത്തി വെയ്ക്കുകയാണെന്നും കളക്ടര്‍ അറിയിക്കുകയായിരുന്നു.

ശനിയാഴ്ച അതിരാവിലെ മുതൽ തെരച്ചിൽ തുടരുമെന്നാണ് കളക്ടർ അറിയിച്ചത്. പുലർച്ചെ അഞ്ചരയ്ക്ക് തെരച്ചിൽ നടപടികൾ ആരംഭിക്കും. റഡാർ ഉപയോഗിച്ചായിരിക്കും തെരച്ചിൽ നടത്തുക.

ബെംഗളുരുവിൽ നിന്ന് റഡാർ ഡിവൈസ് എത്തിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ ആണ് അപകടം നടന്ന സ്ഥലത്തേക്ക് കൊണ്ടുവരിക.

രാവിലെ തന്നെ റഡാർ ഉപകരണം സ്ഥലത്ത് എത്തിക്കാനാണ് ശ്രമം. ലോറിയുള്ള സ്ഥലം ഈ റഡാർ വഴി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. നാവികസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, പൊലീസ്, അഗ്നിശമനസേന സംഘങ്ങൾ ചേർന്നാണ് രക്ഷാദൗത്യം തുടരുക.

കോഴിക്കോട്ടെ വീട്ടിൽ അര്‍ജുന് വേണ്ടി കണ്ണീരോടെ, അതിലേറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബം. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടണമെന്ന് അര്‍ജുന്‍റെ ഭാര്യാസഹോദരന്‍ ജിതിന്‍ ആവശ്യപ്പെട്ടിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story