ലോറിയുടെ ഡ്രൈവർ കാബിനിൽ അർജുനുണ്ടോ?, ഇന്ന് നിർണായകം; തിരച്ചിൽ പത്താം ദിവസത്തിൽ

ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ പത്താം ദിവസത്തിലേക്ക്. ഇന്നലത്തെ തെരച്ചിലിൽ ലോറി കണ്ടെത്തിയതിനാൽ ഇന്ന് നിർണായക ദിവസമാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ കണ്ടെത്തിയ ലോറിയുടെ ഡ്രൈവർ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാകും പ്രഥമ പരിഗണന. ഇതിനായി റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും.

ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവർമാർ കാബിനിൽ എത്തിയാകും അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. അതിനായി മുങ്ങല്‍ വിദഗ്ധര്‍ പരിശോധന നടത്തും. അതിനുശേഷമായിരിക്കും ട്രക്ക് പുറത്തെടുക്കുക. കുത്തൊഴുക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ചുനിര്‍ത്തും തുടര്‍ന്ന് ലോറി ലോക്ക് ചെയ്ത ശേഷം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തും. ഇതിനായി സൈന്യം വിവിധ ഉപകരണങ്ങൾ രാത്രിയോടെ സ്ഥലത്തെത്തിച്ചു. നിലവിൽ മഴ മാറി നിൽക്കുന്നത് രക്ഷാപ്രവർത്തനത്തിന് ​ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷിറ്റൂരിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തെരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം ഉണ്ടാകില്ല. മൊബൈൽ ഫോൺ അടക്കമുള്ളവ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വൈകുന്നേരത്തിനുള്ളിൽ ഓപ്പറേഷൻ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

ഇന്നലെ വൈകിട്ടോടെ ലോറി കണ്ടെത്തിയതിനു പിന്നാലെ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തിരച്ചില്‍ നടത്താന്‍ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു. മൂന്നു ബോട്ടുകളിലായി 18 പേരാണ് ആദ്യം ലോറിക്കരികിലേക്ക് പോയത്. കരയില്‍ നിന്നും 20മീറ്റര്‍ അകലെയാണ് ട്രക്ക് കണ്ടെത്തിയത്.

ശാസ്ത്രീയമായ തിരച്ചിനൊടുവിലാണ് ലോറിയുടെ സാന്നിധ്യം കണ്ടെത്തിയത്. എപ്പേള്‍ വേണമെങ്കിലും ഇടിഞ്ഞ് വീഴാവുന്ന രീതിയിലുളള മണ്ണുളള വലിയ മലകളുളള പ്രദേശത്താണ് ഷിരൂരില്‍ അപകടം നടന്നത്. മണ്ണിടിച്ചിലിന് അടക്കം സാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രതയിലാണ് തിരച്ചില്‍ നടപടികള്‍.

16ന് രാവിലെയാണ് ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കുമായി വീണത്. അന്ന് കാണാതായ അര്‍ജുനായി ഇതുവരെ കരയിലും പുഴയിലുമായി നടത്തിയ തിരച്ചിലുകളൊന്നും ഫലംകണ്ടില്ല. ദേശീയപാതയിലെ മണ്ണ് പൂര്‍ണമായും നീക്കിയിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ പുഴയിലേക്കുകകൂടി വ്യാപിപ്പിച്ചത്. റഡാര്‍ പരിശോധനയില്‍ പുഴയില്‍നിന്ന് ചില സിഗ്‌നലുകള്‍ ലഭിച്ചിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story