ജീവന്റെ സാന്നിധ്യം: തെർമൽ സിഗ്നൽ കിട്ടിയിടത്ത് രാത്രിയും പരിശോധന തുടരും

ജീവന്റെ സാന്നിധ്യം: തെർമൽ സിഗ്നൽ കിട്ടിയിടത്ത് രാത്രിയും പരിശോധന തുടരും

August 2, 2024 0 By Editor

മേപ്പാടി (വയനാട്): രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ തെർമൽ സിഗ്നല്‍ ലഭിച്ചിടത്ത് പരിശോധന തുടരും. പരിശോധന അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിര്‍ദേശപ്രകാരമാണ് രാത്രിയും പരിശോധന തുടരാന്‍ തീരുമാനിച്ചത്.

കലുങ്കിനകത്ത് പരിശോധന നടത്തുന്നവരോടും സൈന്യം, എന്‍ഡിആര്‍എഫ് സംഘങ്ങളോടു പിന്മാറാന്‍ റഡാര്‍ പ്രവര്‍ത്തിപ്പിക്കുന്ന സംഘം നിര്‍ദേശം നല്‍കി മിനിറ്റുകള്‍ക്കകമാണ് പരിശോധന തുടരാന്‍ നിർദേശിച്ചത്. നാലു ഘട്ടങ്ങളിലായി പരിശോധന നടത്തിയെന്നും നാലാം ഘട്ടത്തിലാണ് ശ്വസിക്കുന്നതിന്റെ സൂചന ലഭിച്ചതെന്നും ഉദ്യോഗസ്ഥന്‍ പ്രതികരിച്ചിരുന്നു. ജീവന്റെ സാന്നിധ്യം മാത്രമാണ് ലഭിച്ചത്. അതൊരു മനുഷ്യനാണോ മറ്റെന്തെങ്കിലും ജീവനുള്ള വസ്തുവാണോയെന്ന് അറിയില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം.

ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ നാലുപേരെക്കൂടി രക്ഷാപ്രവർത്തകർ രാവിലെ രക്ഷിച്ചിരുന്നു. മുണ്ടക്കൈ പടവെട്ടിക്കുന്നിലാണ് രക്ഷാപ്രവർത്തനത്തിനിടെ നാലുപേരെ വീട്ടിൽ കണ്ടെത്തിയത്. ജോൺ, ജോമോൾ ജോൺ, ഏബ്രഹാം ജോൺ, ക്രിസ്റ്റീൻ ജോൺ എന്നിവർക്കാണു രക്ഷാപ്രവർത്തകർ ആശ്വാസമായത്. തിരച്ചിലിനിടെ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഇവർ വീട്ടിൽ കുടുങ്ങുകയായിരുന്നെന്നു രക്ഷാപ്രവർത്തകർ അറിയിച്ചു.