തിരച്ചിലിനായി പോയ രക്ഷാപ്രവര്‍ത്തകര്‍ മുണ്ടേരി ഉള്‍വനത്തില്‍ കുടുങ്ങി, തിരിച്ചെത്തിക്കാന്‍ ശ്രമം

തിരച്ചിലിനായി പോയ രക്ഷാപ്രവര്‍ത്തകര്‍ മുണ്ടേരി ഉള്‍വനത്തില്‍ കുടുങ്ങി, തിരിച്ചെത്തിക്കാന്‍ ശ്രമം

August 4, 2024 0 By Editor

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മുണ്ടേരി ഉള്‍വനത്തില്‍ തിരച്ചിലിനായി പോയ 18 രക്ഷാപ്രവര്‍ത്തകര്‍ വനത്തില്‍ കുടുങ്ങി. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവര്‍ കുടുങ്ങിയത്.

എമര്‍ജന്‍സി റസ്‌ക്യു ഫോഴ്സിന്റെ 14 പ്രവര്‍ത്തകര്‍ ടീം വെല്‍ഫയറിന്റെ രക്ഷപ്രവര്‍ത്തകരായ നാല് പേര്‍ എന്നിവരാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്. ഇവരെ തിരിച്ചെത്തിക്കുന്നതിനായി മുണ്ടേരിയില്‍ ജില്ലാ പൊലീസ് മേധാവി ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി കൂടിയാലോചനകള്‍ നടത്തി ശ്രമങ്ങള്‍ നടത്തുകയാണ്. സംഘത്തിലുണ്ടായിരുന്നവരുടെ വയര്‍ലെസ് സെറ്റ് വഴി നേരത്തെ ആശയ വിനിമയം നടത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് വിവരം.

ഉള്‍വനമായതിനാല്‍ കാട്ടാനകളുടെ ഉള്‍പ്പെടെ സാന്നിധ്യം ഉള്ള മേഖലയാണിത്. ഈ ഭാഗത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ഒരു മൃതദ്ദേഹവും കണ്ടെത്തിയിട്ടുണ്ട്.

കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ എത്തിച്ച് നല്‍കാനും എയര്‍ ലിഫ്റ്റ് വഴി രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇന്നലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിയ മൂന്ന് രക്ഷാപ്രവര്‍ത്തകരെ എയര്‍ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയിരുന്നു.