നടി റോഷ്ന ആൻറോയിയെ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചു; സൂരജ് പാലാക്കാരൻ അറസ്റ്റിൽ

നടി റോഷ്ന ആൻറോയിയെ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചു; സൂരജ് പാലാക്കാരൻ അറസ്റ്റിൽ

August 9, 2024 0 By Editor

കൊച്ചി: യുവനടി റോഷ്ന ആൻറോയിയെ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന പരാതിയിൽ സൂരജ് പാലാക്കാരൻ അറസ്റ്റിൽ. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കൊച്ചി പാലാരിവട്ടം പൊലീസ് ആണ് സൂരജിനെ അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടതിന് പിന്നാലെ നടിക്കെതിരെ മോശം ഭാഷയിൽ ഇയാൾ വിഡിയോ ചെയ്തെന്നാണ് പരാതി.

യുവനടിയുടെ പരാതിയിൽ നടപടിയെടുത്തു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് പകരം തന്റെ പേര് പരാമർശിക്കുക തന്നെ വേണമെന്ന് റോഷ്ന ആൻ റോയി ഫെയ്സ്ബുക്കിൽ കുറിച്ചു.

തന്റെ കുടുംബത്തെയോ തന്നെയോ വേദനിപ്പിക്കുന്നത് സഹിക്കാൻ കഴിയില്ലെന്നും അത് കൊണ്ട് തന്നെയാണ് ഇറങ്ങിയിരിക്കുന്നതെന്ന് റോഷ്ന പറയുന്നു. തന്റെ നാവ് എവിടെയും ഒട്ടിയിട്ടില്ല. മറുപടി കൊടുക്കാൻ അറിയാഞ്ഞിട്ടുമല്ല. പക്ഷേ ഇതാണ് ശരിയായ രീതി … എന്തിനാണ് പിന്നെ നിയമ വ്യവസ്ഥകൾ- റോഷ്ന വ്യക്തമാക്കുന്നു.

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കം ചര്‍ച്ചയാകുന്നതിനിടെ ഡ്രൈവര്‍ക്കെതിരേ വെളിപ്പെടുത്തലുമായി റോഷ്ന ആര്‍ റോയ് രം​ഗത്ത് വന്നത് ചർച്ചയായിരുന്നു. മേയര്‍ ആര്യ രാജേന്ദ്രന്‍ നേരിട്ടതിന് സമാനമായ അനുഭവം മാസങ്ങള്‍ക്ക് മുമ്പേ ഇതേ ഡ്രൈവറില്‍നിന്ന് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അന്നവർ പറഞ്ഞത്. പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയില്‍ വച്ച് അപകടകരമാം വിധം തന്റെ വാഹനത്തെ മറികടന്ന ഇയാള്‍ പിന്നീട് ബസ് റോഡില്‍ നിര്‍ത്തി ഇറങ്ങിവന്ന് കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തുകയും തെറിപറയുകയും ചെയ്തെന്നും റോഷ്ന പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട വീഡിയോയിലാണ് സൂരജ് പാലാക്കാരൻ റോഷ്നയെ അധിക്ഷേപിച്ചത്. റോഷ്ന നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് സൂരജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.