ദിലീപ് ഇപ്പോള്‍ അമ്മയിലെ അംഗമല്ല: മെഗാ ഷോയില്‍ പങ്കെടുക്കില്ലെന്നും സിദ്ദിഖ്

കൊച്ചി: അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് നടത്തുന്ന മെഗാ ഷോയില്‍ നടന്‍ ദിലീപ് പങ്കെടുക്കുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ്. ദിലീപ് ഇപ്പോള്‍ അമ്മയിലെ അംഗമല്ലെന്നും അദ്ദേഹം രാജിവച്ചതാണെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 20നാണ് മെഗാ ഷോ നടക്കുക. ഷോ നടത്തി ലഭിക്കുന്നതിന്റെ ഒരു വിഹിതം വയനാട് ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് താരസംഘടന അമ്മ അന്വേഷിക്കാന്‍ പോയിട്ടില്ലെന്ന് സിദ്ദിഖ് വ്യക്തമാക്കി. അത് സര്‍ക്കാറിന്റെ പരിഗണനയിലുള്ള കാര്യമാണെന്നും പുറത്ത് വിടേണ്ടത് സര്‍ക്കാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മ സംഘടനയുമായി ബന്ധപ്പെട്ട കാര്യമല്ല. പരാതിക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ന്യായമുള്ളതാണെങ്കില്‍ അത് പരിഹരിക്കപ്പെടണം. കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ എന്താണ് ഉള്ളതെന്ന് സംഘടന അന്വേഷിച്ചിട്ടില്ല- സിദ്ദിഖ് പറഞ്ഞു.

നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് 'ചെകുത്താൻ' എന്ന യുട്യൂബ് ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിലും സിദ്ദിഖ് പ്രതികരിച്ചു. സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. കേസെടുത്തതിനുപിന്നാലെ ഇയാൾ ഒളിവിലായിരുന്നു. അതേസമയം താരസംഘടനയിലെ ഏത് അം​ഗത്തെയായാലും വ്യക്തിപരമായി അധിക്ഷേപിച്ചാൽ ചോദ്യം ചെയ്യേണ്ട ബാധ്യത തനിക്കുണ്ടെന്ന് സിദ്ദിഖ് പ്രതികരിച്ചു.

കുറച്ചുകാലങ്ങളായി നടീനടന്മാരെയും സിനിമയെയും പല രീതിയിൽ അധിക്ഷേപിച്ചുകൊണ്ട് യൂട്യൂബർമാർ എന്നു പറയുന്ന ആളുകൾ എത്തുന്നുണ്ടെന്ന് സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു വ്യക്തി മാത്രം വന്ന് ഇതുപോലെ വ്യക്തിപരമായ അധിക്ഷേപിക്കുന്ന പ്രവണത കുറച്ച് കാലങ്ങളായി കാണുന്നുണ്ടെന്നും. ഇതിനെതിരെ ആരെങ്കിലുമൊക്കെ ചോദിക്കണ്ടേയെന്നും രാജ്യത്തിന് ഇതിനെതിരെ നിയമമുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ഇപ്പോഴാണ് ഈ വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതിപ്പെടുന്നത്. അതിൽ ഒരാളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു, മറ്റൊരാളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഇനി ഇങ്ങനെ അധിക്ഷേപിക്കുന്ന വീഡിയോ ചെയ്യില്ലെന്ന് എഴുതി വാങ്ങിയിരുന്നു. ആർക്കും ആരെയും എന്തുംപറയാവുന്ന രീതിയിൽ ആ മേഖല നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story