
കായിക നിയമന ചുമതലയിൽനിന്ന് അജിത്കുമാറിനെ നീക്കി
February 4, 2025തിരുവനന്തപുരം: ബോഡി ബിൽഡിങ് താരങ്ങളുടെ പൊലീസിലെ പിൻവാതിൽ നിയമന വിവാദത്തിനിടെ, മറ്റൊരു സ്പോർട്സ് ക്വോട്ട നിയമന നീക്കവും വിവാദത്തിൽ. കണ്ണൂര്‍ സ്വദേശിയായ വോളിബാള്‍ താരത്തെ ചട്ടവിരുദ്ധമായി സിവിൽ പൊലീസ് ഓഫിസര്‍ തസ്തികയിൽ നിയമിക്കാനുള്ള നീക്കമാണ് വിവാദമായത്. ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ പങ്കെടുക്കാത്ത കായികതാരത്തിന് നിയമനം നൽകണമെന്നായിരുന്നു ഉന്നതങ്ങളിൽ നിന്നുള്ള നിര്‍ദേശം.
ദീർഘകാല അവധിയിലായതിനാലും സ്പോർട്സ് ക്വോട്ടയിൽ അനധികൃത നിയമനം നൽകിയാലുണ്ടാകുന്ന വിവാദവും ഭയന്ന് കേരള പൊലീസ് സെന്‍ട്രൽ സ്പോര്‍ട്സ് ഓഫിസര്‍ ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആര്. അജിത്കുമാർ ചുമതലമാറ്റം ആവശ്യപ്പെട്ടിരുന്നു. അവധിയിൽ പ്രവേശിച്ച അജിത്കുമാറിന് പകരം ചുമതല നൽകിയ എ.ഡി.ജി.പി എസ്. ശ്രീജിത്തും ഈ നിയമനത്തിൽ തീരുമാനമെടുത്തില്ല. ഇതിനിടെ, ജനുവരി 30നാണ് കേരള പൊലീസ് സെന്‍ട്രൽ സ്പോര്‍ട്സ് ഓഫിസര്‍ ചുമതല അജിത്കുമാറിന് പകരം ശ്രീജിത്തിന് നൽകിയുള്ള പൊലീസ് മേധാവിയുടെ നടപടി.
കായിക ഇനമായി പോലും കണക്കാക്കാത്ത ബോഡി ബിൽഡിങ് താരങ്ങളായ കണ്ണൂർ, എറണാകുളം സ്വദേശികളായ രണ്ടുപേർക്ക് സായുധസേനയിൽ ഇൻസ്പെക്ടർ റാങ്കിൽ നേരിട്ട് നിയമനം നൽകാനുള്ള മന്ത്രിസഭ തീരുമാനം വിവാദമായിരുന്നു.