കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ  ആനകൾ തമ്മിൽ കുത്ത്; തിരക്കിൽപെട്ട് 3 മരണം, 7 പേരുടെ നില ഗുരുതരം ; ആനയിടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദംകേട്ട്

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ തമ്മിൽ കുത്ത്; തിരക്കിൽപെട്ട് 3 മരണം, 7 പേരുടെ നില ഗുരുതരം ; ആനയിടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദംകേട്ട്

February 13, 2025 0 By eveningkerala

കോഴിക്കോട് :   കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു. തിക്കിലും തിരക്കിലുംപെട്ട് മൂന്നു പേർ മരിച്ചു.  ലീല, അമ്മുക്കുട്ടി,രാജൻ എന്നിവരാണ് മരിച്ചത്. ഇരുപതിലേറെ പേർക്ക് പരുക്കേറ്റു. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. ഇടഞ്ഞ ഒരാന മറ്റൊരാനയെ കുത്തിയതോടെ രണ്ട് ആനകളും ഇടഞ്ഞോടുകയായിരുന്നു.

ആന തകർത്ത ദേവസ്വം ഓഫിസിന്റെ അവശിഷ്ടങ്ങൾ ദേഹത്തുവീണാണ് ലീലയും അമ്മുക്കുട്ടിയും മരിച്ചതെന്നാണ് വിവരം. ഓഫിസിന് സമീപം കസേരയിൽ ഇരിക്കുകയായിരുന്നു ഇവർ. എഴുന്നള്ളിപ്പ് തുടങ്ങാനിരിക്കെ പടക്കം പൊട്ടിച്ചപ്പോൾ ഒരാന പരിഭ്രമിക്കുകയും അടുത്തുണ്ടായിരുന്ന രണ്ടാമത്തെ ആനയെ കുത്തുകയുമായിരുന്നു. ഇതോടെ രണ്ട് ആനകളും പരിഭ്രമിച്ച് ഓടി. ആനകൾ  വരുന്നതു കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെയാണ് പലർക്കും പരുക്കേറ്റത്. പരുക്കേറ്റവരിൽ ഏറെയും സ്ത്രീകളാണ്.

ക്ഷേത്ര പരിസരത്തെ ദേവസ്വം ഓഫിസും ആന തകർത്തിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ 7 പേരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിത്തു. മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.