
കർണാടകയിൽ പോയി പൊലീസിന്‍റെ തട്ടിപ്പ്; ‘ഇ.ഡി’ ചമഞ്ഞ് റെയ്ഡ്, വ്യവസായിയിൽ നിന്ന് പണംതട്ടിയത് കൊടുങ്ങല്ലൂർ എ.എസ്.ഐയും സംഘവും
February 16, 2025കൊടുങ്ങല്ലൂർ: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചമഞ്ഞ് വ്യവസായിയിൽനിന്ന് പണംതട്ടിയ കേസിൽ കൊടുങ്ങല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐയെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രേഡ് എ.എസ്.ഐ ഷെഫീർ ബാബുവിനെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ അഞ്ചു പേർകൂടി പ്രതികളാണെന്നാണ് അറിയുന്നത്. ഇവർ കാസർകോട് സ്വദേശികളാണെന്ന് സൂചനയുണ്ട്.
ദക്ഷിണ കർണാടകയിലെ ബീഡി വ്യവസായിയിൽനിന്നാണ് പണം തട്ടിയത്. നഷ്ടപ്പെട്ട പണം എത്രയെന്നതിനെക്കുറിച്ച് വ്യക്തതയില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആറംഗ സംഘം വ്യവസായിയുടെ വീട്ടിൽ ‘റെയ്ഡ്’ നടത്തിയത്. സംശയം തോന്നിയ വ്യവസായി പരാതി നൽകി.
മാപ്രാണം മടായിക്കോണം സ്വദേശിയായ എ.എസ്.ഐയെ കുടുംബസമേതം താമസിക്കുന്ന ഇരിങ്ങാലക്കുടയിലെ പൊലീസ് ക്വാർട്ടേഴ്സിൽനിന്ന് ശനിയാഴ്ച വൈകുന്നേരമാണ് കസ്റ്റഡിയിലെടുത്തത്.