പ്രസവവാർഡിൽ നിന്നുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ; CCTV സെർവർ ഹാക്ക് ചെയ്യപ്പെട്ടെന്ന് ആശുപത്രി അധികൃതർ

പ്രസവവാർഡിൽ നിന്നുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ; CCTV സെർവർ ഹാക്ക് ചെയ്യപ്പെട്ടെന്ന് ആശുപത്രി അധികൃതർ

February 18, 2025 0 By eveningkerala

രാജ്‌കോട്: ​ഗുജറാത്തിൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാ​ഗത്തിൽ നിന്നുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതായി ആരോപണം. ആശുപത്രിയിൽ സ്ത്രീകളെ പരിശോധിക്കുന്നതിൻ്റെ നിരവധി വീഡിയോകളാണ് യൂട്യൂബിലും ടെല​ഗ്രാമിലും പ്രചരിച്ചത്.

രാജ്‌കോടിലെ പായൽ മെറ്റേണിറ്റി ഹോമിലെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. നഴ്‌സിങ് ജീവനക്കാർ സ്ത്രീകൾക്ക് കുത്തിവയ്പ്പ് നൽകുന്നതിന്റെ സിസിടിവി ക്ലിപ്പുകളാണ് ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. സംഭവം അഹമ്മദാബാദ് സൈബർ ക്രൈം പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുകയും നടപടി ആരംഭിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആശുപത്രി ഡയറക്ടറെ പോലീസ് ചോദ്യം ചെയ്തു. സിസിടിവി സെർവർ ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഡോക്ടർമാരുൾപ്പെടെ മുഴുവൻ ആശുപത്രി ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്.