പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വര്‍ദ്ധിപ്പിച്ച നടപടി അനുചിതമെന്ന് എ.ഐ.വൈ.എഫ്; പടയൊരുക്കം എന്തിന് ?; സി.പി.ഐ തോറ്റിടത്ത് യുവജന സംഘടന വിജയിക്കുമോ ?

പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വര്‍ദ്ധിപ്പിച്ച നടപടി അനുചിതമെന്ന് എ.ഐ.വൈ.എഫ്

February 20, 2025 0 By eveningkerala

പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വന്‍ തോതില്‍ വര്‍ദ്ധിപ്പിച്ച നടപടി അനുചിതമാണെന്നും ന്യായമായ വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് കൊണ്ട് വിവിധ വിഭാഗക്കാര്‍ പ്രക്ഷോഭം നടത്തുന്ന അവസരത്തില്‍ കൈക്കൊണ്ട തീരുമാനം അംഗീകരിക്കാനാവില്ലെന്നും എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്കും വിവിധ ക്ഷേമ പെന്‍ഷന്‍കാര്‍ക്കും കൃത്യമായ വേതനം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇപ്രകാരമൊരു തീരുമാനം സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നത് ആശങ്കയുളവാക്കുന്നു.

വര്‍ഷം കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യതയുണ്ടാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ഇടത് നയത്തില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കരുതെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണും സെക്രട്ടറി ടി.ടി ജിസ്മോനും ആവശ്യപ്പെട്ടു. സി.പി.ഐയുടെ പുതുക്കി പണിത പുതിയ ആസ്ഥാന മന്ദിരമായ എം.എന്‍. സ്മാരകത്തില്‍ വെച്ച് നടന്ന ആദ്യ എല്‍.ഡി.എഫ് യോഗത്തില്‍ ബ്രൂവറി വിഷയവുമായി ബന്ധപ്പെട്ട് സി.പി.ഐ അമ്പേ പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ തന്നെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനത്തിനെതിരേ സി.പി.ഐയുടെ യുവജന സംഘടന രംഗത്തു വന്നിരിക്കുന്നത്.