
‘ഐ.ഡി.ബി.ഐ’യിൽ ജൂനിയർ അസി. മാനേജർ ഒഴിവുകൾ 650; കേരളത്തിലും അവസരം
March 3, 2025ഐ.ഡി.ബി.ഐ’ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജറാകാൻ ബിരുദധാരികൾക്ക് അവസരം. കേരളത്തിൽ കൊച്ചിയടക്കം വിവിധ മേഖലകളിലായുള്ള ബാങ്കിന്റെ വിവിധ ശാഖകളിൽ 650 ഒഴിവുകളുണ്ട്
(ജനറൽ 260, എസ്.സി 100, എസ്.ടി 54, ഇ.ഡബ്ല്യൂ.എസ് 65, ഒ.ബി.സി 171, ഭിന്നശേഷി 26). നിയമനം ലഭിക്കുന്നതിന് ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു വർഷത്തെ പി.ജി ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് പാസാകണം. ആറു മാസത്തെ ക്ലാസ് റൂം പഠനം, രണ്ടു മാസത്തെ ഇന്റേൺഷിപ്പ്, നാലു മാസത്തെ ഓൺജോബ് പരിശീലനം അടങ്ങിയതാണ് കോഴ്സ്. മൂന്നു ലക്ഷം രൂപയാണ് കോഴ്സ് ഫീസ്. ജി.എസ്.ടി വേറെ. താമസം ഉൾപ്പെടെയുള്ള ഫീസാണിത്. ഗഡുക്കളായി ഫീസ് അടക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദ്യാഭ്യാസ വായ്പക്ക് അർഹതയുണ്ട്.
ആറു മാസത്തെ പരിശീലനകാലം പ്രതിമാസം 5000 രൂപ വീതം സ്റ്റൈപന്റും ഇന്റേൺഷിപ് കാലയളവിൽ പ്രതിമാസം 15,000 രൂപ വീതവും ലഭിക്കും. കോഴ്സ് പൂർത്തിയാക്കാതെ പോയാൽ ഈ തുക തിരിച്ചുപിടിക്കും. വിജയകരമായി പഠനം പൂർത്തിയാകുംവരെ ജൂനിയർ അസിസ്റ്റന്റ് മാനേജറായി നിയമിക്കും. തുടക്കത്തിൽ 6.14 ലക്ഷം മുതൽ 6.50 ലക്ഷം രൂപ വരെയാണ് വാർഷിക ശമ്പളം. കോഴ്സിലേക്ക് തിരഞ്ഞെടുക്കുമ്പോൾതന്നെ ബാങ്കിൽ മൂന്നു വർഷത്തിൽ കുറയാതെ സേവനമനുഷ്ഠിച്ചുകൊള്ളാമെന്ന് സർവിസ് ബോണ്ട് നൽകണം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.idbibank.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം. കമ്പ്യൂട്ടറിൽ പ്രാവീണ്യമുണ്ടായിരിക്കണം. പ്രാദേശിക ഭാഷാ പരിജ്ഞാനമുള്ളവർക്ക് മുൻഗണന.പ്രായപരിധി: 1.3.2025ൽ 20 വയസ്സ് തികഞ്ഞിരിക്കണം. 25 വയസ്സ് കവിയരുത്. 1.3.2000ത്തിന് മുമ്പോ 1.3.2005ന് ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷാ ഫീസ്: 1050 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗത്തിന് 250 രൂപ മതി. വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ച് മാർച്ച് 12 വരെ ഓൺലൈനായി അപേക്ഷിക്കാം.സെലക്ഷൻ: 2025 ഏപ്രിൽ ആറിന് നടത്തുന്ന ഒബ്ജക്ടിവ് മാതൃകയിലുള്ള ഓൺലൈൻ ടെസ്റ്റ്, തുടർന്നുള്ള വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓൺലൈൻ ടെസ്റ്റിന് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവയും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷാ കേന്ദ്രങ്ങളായിരിക്കും.