9 മാസത്തിനിപ്പുറം ഭൂമി തൊട്ട് സുനിത വില്യംസും ബുച്ച് വില്‍മോറും ; സുരക്ഷിത ലാന്‍ഡിങ്

9 മാസത്തിനിപ്പുറം ഭൂമി തൊട്ട് സുനിത വില്യംസും ബുച്ച് വില്‍മോറും ; സുരക്ഷിത ലാന്‍ഡിങ്

March 19, 2025 0 By eveningkerala

ഫ്‌ളോറിഡ: ഒന്‍പത് മാസത്തിലേറെ നീണ്ട ബഹിരാകാശത്തെ അനിശ്ചിത ജീവിതത്തിനൊടുക്കം ഭൂമി തൊട്ട് സുനിത വില്യംസും sunita-williams ബുച്ച് വില്‍മോറും. ഇവരെ കൂടാതെ ക്ര്യു 9 ലെ മറ്റ് അംഗങ്ങളായ നിക്ക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും സുരക്ഷിതമായി തിരിച്ചെത്തി.

ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.27ന് മെക്‌സിക്കോ ഉള്‍ക്കടലില്‍ ഡ്രാഗണ്‍ പേടകം ലാന്‍ഡ് ചെയ്തു. ഇത് സ്‌പേസ് റിക്കവറി കപ്പല്‍ പേടകത്തിനരികിലേക്ക് എത്തിച്ചേരുകയായിരുന്നു. തുടര്‍ന്ന് നാലുപേരെയും കപ്പലിലേക്ക് മാറ്റി. പേടകത്തില്‍ നിന്ന് പുറത്തിറങ്ങിയ യാത്രികര്‍ അല്‍പ്പനേരം നിവര്‍ന്നുനിന്നു. ഗുരുത്വാകര്‍ഷണ ബലവുമായി ഇരുവര്‍ക്കും പൊരുത്തപ്പെടേണ്ടതുണ്ടായിരുന്നു.

ശേഷം സ്‌ട്രെച്ചറിലാണ് ഇരുവരെയും മാറ്റിയത്. മടങ്ങിയെത്തിയ ഉടന്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് ഇരുവരും ലോകത്തെ അഭിവാദ്യം ചെയ്തു. സുനിതയെയും ബുച്ചിനെയും ടെക്‌സാസിലെ നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും.

മടക്കയാത്രയില്‍ പൈലറ്റിന്റെയും കമാന്‍ഡറിന്റെയും ചുമതലകളില്‍ നിക്ക് ഹേഗും അലക്‌സാണ്ടര്‍ ഗോര്‍ബുനോവുമായിരുന്നു. കാരണം സ്റ്റാര്‍ലൈനര്‍ പേകടത്തിലാണ് സുനിതയ്ക്കും ബുച്ചിനും പരിശീലനം ലഭിച്ചിട്ടുള്ളത്. സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതിക തകരാറാണ് സുനിതയുടെയും ബുച്ചിന്റെയും വരവ് വൈകിപ്പിച്ചത്.

ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ, മനുഷ്യരെ വഹിച്ചുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും ഐഎസ്എസിലേക്ക് തിരിച്ചത്. 2024 ജൂണ്‍ 24നായിരുന്നു യാത്ര. ഒരാഴ്ച തങ്ങിയശേഷം മടങ്ങുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സ്റ്റാര്‍ലൈനറിന് സാങ്കേതിക തകരാറുണ്ടായി.

ഇതോടെ യാത്ര അനിശ്ചിതത്വത്തിലായി. മടക്കം മാസങ്ങള്‍ നീളുകയും ചെയ്തു. പോയ അതേ പേടകത്തില്‍ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് തടസപ്പെട്ടു. ഇതോടെ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സഹകരിച്ച് നാസ മടക്കയാത്രയ്ക്ക് പദ്ധതി തയ്യാറാക്കി. ഇതാണ് ഇപ്പോള്‍ വിജയകരമായി സാക്ഷാത്കരിക്കപ്പെട്ടത്.