
തഹാവൂർ റാണയെ ഡൽഹിയിൽ എത്തിച്ചു; അറസ്റ്റ് രേഖപ്പെടുത്തി
April 11, 2025മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെ പാലം വിമാനത്താവളത്തിലാണ് എത്തിച്ചത്. റാണയുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തി. ഒാണ്‍ലൈനായി കോടതിയില്‍ ഹാജരാക്കും. റാണയിൽനിന്ന് ഇന്ത്യ തേടുന്നത് മുംബൈ ആക്രമണത്തിലെ ഐഎസ്ഐ – ലഷ്‌കർ ബന്ധമടക്കം നിർണായക വിവരങ്ങളാണ്.
വിവിഐപി ക്രിമിനലിന് രാജ്യതലസ്ഥാനത്ത് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തഹാവൂര്‍ റാണയെയും വഹിച്ചുള്ള പ്രത്യേക വിമാനം ഡൽഹിയിൽ ഇറങ്ങിയപ്പോള്‍ മുതൽ കേന്ദ്രസേനകളിലെ കമാൻഡോ വിഭാഗമാണ് സുരക്ഷയൊരുക്കുന്നത്. പാലം വ്യോമതാവളം മുതൽ എൻഐഎ ആസ്ഥാനംവരെ പ്രത്യേക സുരക്ഷാ കൊറിഡോർ ഒരുക്കി. കേന്ദ്രസേനകളും ഡൽഹി പൊലീസും വഴി നീളെ സുരക്ഷയൊരുക്കിയിട്ടുണ്ട്. റോഡുകൾ അടച്ചും മെട്രോ ഗേറ്റുകൾ പൂട്ടിയിട്ടും പൊതുജനങ്ങളെയും നിയന്ത്രിക്കുന്നു.
പട്യാല ഹൗസ് കോടതിയിലും എൻഐഎ ആസ്ഥാന പരിസരത്തും ഡൽഹി പൊലീസ് ഡിസിപിമാരുടെ നേതൃത്വത്തിൽ സുരക്ഷ വിലയിരുത്തി. എയർ ട്രാഫിക് കണ്‍ട്രോൾ പ്രത്യേക വിമാനത്തിന്റെ ഗതി നിരന്തരം നിരീക്ഷിക്കുന്നു. ആവശ്യമെങ്കിൽ ഇടപെടാൻ എൻഎസ്ജിയും തയാർ. പ്രത്യേക എൻഐഎ കോടതിയിലാകും തഹാവൂർ റാണയെ വിചാരണ ചെയ്യുക. കേസിൽ നരേന്ദർ മാനെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി കേന്ദ്ര ആഭ്യന്തരമാന്ത്രാലയം നിയമിച്ചു.