ഷാജഹാൻ വധം: നാലുപ്രതികൾ അറസ്റ്റിൽ

പാലക്കാട് ∙ സിപിഎം കുന്നങ്കാട് ബ്രാ‍ഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലയിൽ നേരിട്ടു പങ്കെടുത്ത നവീൻ, ശബരീഷ്, സുജീഷ്, അനീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഷാജഹാനുമായി പ്രതികള്‍ക്കുണ്ടായിരുന്ന വ്യക്തിവിരോധവും പ്രാദേശിക രാഷ്ട്രീയ തര്‍ക്കങ്ങളുമാണ് കൊലപാതകത്തിനു കാരണമെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് പറഞ്ഞു.

പിടിയിലായവരുടെ രാഷ്ട്രീയ പശ്ചാത്തലം വിശദമായി പരിശോധിച്ചുവരികയാണ്. എട്ടുപേരെയാണ് ആദ്യം പ്രതിചേര്‍ത്തിരുന്നതെങ്കിലും കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വൈകാതെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും ആര്‍.വിശ്വനാഥ് പറഞ്ഞു. ഞായർ രാത്രി 9നാണു കൊട്ടേക്കാട് കുന്നങ്കാട്ടു വച്ചു പ്രതികൾ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. ബിജെപി അനുഭാവികളായ 8 പേർ രാഷ്ട്രീയ വിരോധത്താൽ വടിവാൾ ഉപയോഗിച്ചു ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തി എന്നാണു പൊലീസ് പ്രഥമവിവര റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 4 ഇൻസ്പെക്ടർമാർ ഉൾപ്പെട്ട സംഘമാണു കേസ് അന്വേഷിക്കുന്നത്. ആക്രമണത്തിൽ ഷാജഹാന്റെ കൈകൾക്കും കാലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. കാലിനേറ്റ മുറിവ് ആഴത്തിലുള്ളതാണ്. രക്തം വാർന്നാണു ഷാജഹാൻ മരിച്ചതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന. ആരോപണങ്ങളുടെ സാഹചര്യത്തിൽ കൊലപാതക കാരണങ്ങളും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Loading...