ജമ്മു കാശ്മീരിലെ ആദ്യ വനിത ചീഫ് ജസ്റ്റിസായി ഗീത മിത്തലിനെ നിയമിച്ചു

ജമ്മു കാശ്മീരിലെ ആദ്യ വനിത ചീഫ് ജസ്റ്റിസായി ഗീത മിത്തലിനെ നിയമിച്ചു

August 4, 2018 0 By Editor

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ചീഫ് ജസ്റ്റീസാകുന്നു. ജസ്റ്റീസ് ഗീത മിത്തലിനെ സര്‍ക്കാര്‍ ചീഫ് ജസ്റ്റീസായി നിയമിച്ചതോടെയാണ് ജമ്മുവില്‍ ചരിത്രം വഴിമാറിയത്. ഡല്‍ഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് മിത്തലിനെ വെള്ളിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കാഷ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചത്.

സുപ്രീംകോടതി കൊളീജിയം ശിപാര്‍ശയെ തുടര്‍ന്നാണ് ഗവര്‍ണര്‍ ഭരണം നിലനില്‍ക്കുന്ന കാശ്മീരില്‍ ജസ്റ്റീസ് ഗീത മിത്തലിനെ നിയമിച്ചത്. ജൂലൈ 16നാണ് കൊളീജിയം ചേര്‍ന്ന് ജസ്റ്റീസ് ഗീത മിത്തലിന്റെ പേര് ശിപാര്‍ശ ചെയ്തത്. 2017 ഏപ്രിലിലാണ് ജസ്റ്റീസ് ഗീത മിത്തല്‍ ഡല്‍ഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായി ചുമതലയേറ്റത്.

2004ലാണ് ജസ്റ്റീസ് ഗീത മിത്തലിനെ ഡല്‍ഹി ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിക്കുന്നത്. പിന്നീട് 2006 ഫെബ്രുവരില്‍ ജസ്റ്റീസ് ഗീത മിത്തലിനെ സ്ഥിരം ജഡ്ജിയാക്കി. 2017 നാരി ശക്തി പുരസ്‌കാരത്തിനും ജസ്റ്റീസ് ഗീത മിത്തല്‍ അര്‍ഹയായിട്ടുണ്ട്.