കമ്പക്കാനം കൂട്ടക്കൊല: മുഖ്യപ്രതി പിടിയില്‍

കമ്പക്കാനം കൂട്ടക്കൊല: മുഖ്യപ്രതി പിടിയില്‍

August 8, 2018 0 By Editor

തൊടുപുഴ: കമ്പക്കാനം കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി പിടിയില്‍. കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യന്‍ കൂടിയായ അനീഷ് നേര്യമംഗലത്ത് വെച്ചാണ് പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയ കൂട്ടുപ്രതി ലിബീഷില്‍ നിന്ന് ഇന്ന് തെളിവെടുക്കും. കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണം ലിബീഷും മുഖ്യപ്രതി അനീഷും സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചിരിക്കുകയാണെന്ന് മൊഴി നല്‍കിയിരുന്നു.

ഇത് തിരിച്ചെടുക്കുന്നതിനൊപ്പം ലീബീഷിന്റെ കാരിക്കോട്ടെ വീട്ടിലും കൃഷ്ണന്റെ കമ്പകക്കാനത്തെ വീട്ടിലും എത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കും. നേരത്തെ നടത്തിയ തെളിവെടുപ്പില്‍ നാലംഗ കുടുംബത്തെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളും മോഷ്ടിച്ച ആഭരണങ്ങളും പ്രതി പൊലീസിന് കാണിച്ച് കൊടുത്തിരുന്നു.

അനീഷ് കൂടി പിടിയിലായതോടെ കൊലപാതകക്കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നേക്കും.

ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ വീടിനു സമീപം കൊന്ന് കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ ചോദ്യം ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സംശയമുള്ള 22 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിരുന്നു. കൃഷ്ണന്റെ മൊബൈല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

വീടിനു പിന്നിലുള്ള കുഴിയില്‍ നിന്നാണ് ബുധാനാഴ്ച കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ചയാകാം ഇവരെ കൊലപ്പെടുത്തിയതെന്നാണ് സൂചന. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ തൊടുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത്.