ഇന്ന് രാജീവ്ഗാന്ധിയുടെ ജന്മദിനം: കോണ്‍ഗ്രസ് സഭ്ഭാവനാ ദിനമായി ആചരിക്കും

August 20, 2018 0 By Editor

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയുടെ ജന്മദിനം കോണ്‍ഗ്രസ് സദ്ഭാവനാ ദിനമായി ആചരിക്കും. സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, റോബര്‍ട്ട് വാദ്ര എന്നിവര്‍ ഇന്ന് വീര്‍ഭൂമിയിലെ രാജീവ് ഗാന്ധി ശവകുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഗഹ്വോട് തുടങ്ങിയവരും ഗാന്ധി കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു.

1944 ആഗസ്റ്റ് 20നാണ് രാജീവ്ഗാന്ധി ജനിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇദ്ദേഹം 4 തവണ ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്.

1984 മുതല്‍ 1989 വരെ ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു രാജീവ്ഗാന്ധി. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.

തമിഴ്‌നാട്ടില്‍ വച്ച് ചാവേറാക്രമണത്തിലാണ് രാജീവ് കൊല്ലപ്പെട്ടത്. 1991 മെയ് 21നായിരുന്നു അത്. യമുനാ നദിയുടെ തീരത്ത് വീര്‍ ഭൂമിയിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.