രാം കദമിന്റെ നാവറുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കാം; മുന്‍മന്ത്രി സുബോധ് സോജി

രാം കദമിന്റെ നാവറുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കാം; മുന്‍മന്ത്രി സുബോധ് സോജി

September 7, 2018 0 By Editor

ന്യൂഡല്‍ഹി: പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് വരുമെന്ന പ്രസ്താവന നടത്തിയ മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ് രാം കദമിനെതിരെ പ്രതികരിച്ച കോണ്‍ഗ്രസ് നേതാവും വിവാദത്തില്‍. രാം കദമിന്റെ നാവറുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഇനാം നല്‍കുമെന്ന് പ്രഖ്യാപിച്ച മുന്‍മന്ത്രി കൂടിയായ സുബോധ് സോജിയാണ് വിവാദത്തില്‍ ചാടിയത്. വ്യാഴാഴ്ച കിഴക്കന്‍ മഹാരാഷ്ട്രയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സോജി പരാമര്‍ശം നടത്തിയത്. ഒരു നിയമസഭാംഗത്തിന് ചേരുന്ന നടപടിയല്ല റാമില്‍ നിന്നും ഉണ്ടായതെന്നും സോജി കൂട്ടിച്ചേര്‍ത്തു.

ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വിഷമിക്കേണ്ടെന്നും തന്നോട് പറഞ്ഞാല്‍ അവളെ തട്ടിക്കൊണ്ടുവന്ന് വിവാഹം നടത്തിത്തരുമെന്നും മഹാരാഷ്ട്രയിലെ സുബര്‍ബാന്‍ ഗാട്‌കോപറില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ റാം കദം പറഞ്ഞത് ഏറെ വിവാദമായിരുന്നു. നിയോജക മണ്ഡലത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യുവാക്കളുടെ മുന്നില്‍വച്ചായിരുന്നു എം.എല്‍.എയുടെ വീമ്പുപറച്ചില്‍. ”നിങ്ങള്‍ക്ക് എന്തു കാര്യത്തിനുവേണ്ടിയും എന്നെ സമീപിക്കാം. എന്റെ സഹായം നൂറുശതമാനം ഉറപ്പ്. പ്രണയ വിവാഹത്തിന് സഹായിക്കണം എന്നാവശ്യവുമായി നിരവധി യുവാക്കള്‍ എത്തുന്നുണ്ട്. നിങ്ങള്‍ മാതാപിതാക്കളെയും കൂട്ടി എന്റെ അടുത്ത് വരിക. മാതാപിതാക്കള്‍ സമ്മതിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് നിങ്ങളുടെ കൈകളില്‍ ഏല്‍പ്പിക്കും. ഇത് നൂറുശതമാനം ഉറപ്പ്”, റാം കദം പറഞ്ഞു.യുവാക്കള്‍ക്ക് എം.എല്‍.എ തന്റെ മൊബൈല്‍ നമ്പര്‍ നല്‍കുകയും ചെയ്തു.

അതേസമയം, സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ മഹാരാഷ്ട്ര ബി.ജെ.പി വക്താവ് ഷൈന എന്‍.സി എം.എല്‍.എയുടെ നടപടി ശരിയായില്ലെന്നും കൂട്ടിച്ചേര്‍ത്തു. പരാമര്‍ശത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ മഹാരാഷ്ട്ര വനിതാ കമ്മിഷന്‍ എം.എല്‍.എയുടെ മൊഴിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.