നവജാത ശിശുവിന്റെ കൊലപാതകം: തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുവന്നു

നവജാത ശിശുവിന്റെ കൊലപാതകം: തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുവന്നു

September 12, 2018 0 By Editor

ബാലുശ്ശേരി: നിര്‍മല്ലൂര്‍ പാറമുക്കില്‍ നവജാതശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി വലിയമലക്കുഴി റിന്‍ഷയെ (25) തെളിവെടുപ്പിനായി വലിയമലക്കുഴി വീട്ടില്‍ കൊണ്ടുവന്നു. പേരാമ്പ്ര കോടതിയില്‍നിന്നാണ് പോലീസ് റിന്‍ഷയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങിയത്.

ബാലുശ്ശേരി സി.ഐ. കെ. സുഷീര്‍കുമാറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. കേസില്‍ റിന്‍ഷയുടെ അമ്മ റീനകൂടി ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പോലീസില്‍നിന്ന് ലഭിച്ച സൂചന. സെപ്റ്റംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ റിന്‍ഷ പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കുഞ്ഞ് കൊലചെയ്യപ്പെട്ട വിവരം പരിസരവാസികളാണ് പോലീസിനെ അറിയിച്ചിരുന്നത്. സ്ഥലത്തെത്തിയ പോലീസ്‌ റിന്‍ഷയെയും അമ്മ റീനയെയും സഹോദരന്‍ റിനീഷിനെയും കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലിനുശേഷം അമ്മയെയും സഹോദരനെയും വിട്ടയച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റിന്‍ഷയെ പിന്നീട് റിമാന്‍ഡ് ചെയ്യുകയാണുണ്ടായത്.