കേരളത്തില്‍ വരള്‍ച്ച അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ വരള്‍ച്ച അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

September 12, 2018 0 By Editor

തിരുവനന്തപുരം: പ്രളയത്തിനു പിന്നാലെ സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. കവിഞ്ഞൊഴുകിയ നദികളും, തോടുകളും വറ്റിവരണ്ടു തുടങ്ങി. പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രധാന നദികളിലെ ജലനിരപ്പ് 20 ദിവസത്തിനിടയില്‍ 15 അടിയിലേറെയാണ് താഴ്ന്നത്.

സമാന സാഹചര്യം തുടര്‍ന്നാല്‍ ആലുവയില്‍ നിന്നുള്ള ശുദ്ധജല പമ്പിങ്ങ് ദിവസങ്ങള്‍ക്കുള്ളില്‍ നിലയ്ക്കും. ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി ശുദ്ധജലമെടുക്കുന്ന മൂവാറ്റുപുഴയാറിന്റെ സ്ഥിതിയും അതിരൂക്ഷമാകുകയാണ്. മണലി,ചാലക്കുടി, മീനച്ചിലാര്‍, മണിമലയാര്‍, പമ്പ, അച്ചന്‍കോവിലാര്‍ എന്നിവയുടെ ജലനിരപ്പും ദിനംപ്രതി താഴുകയാണ്.

അതേസമയം, കേരളത്തില്‍ പ്രളയാനന്തരം വരള്‍ച്ച രൂക്ഷമാകുന്നതിനിടയില്‍ എല്‍നിനോ പ്രതിഭാസം കേരളത്തിലും എത്തുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ പസിഫിക്കില്‍ എല്‍നിനോ ശക്തമാകുമെന്നാണ് കണക്കുകൂട്ടല്‍. ഈ സാഹചര്യം സംജാതമായാല്‍ വടക്കു കിഴക്കന്‍ മണ്‍സൂണിലൂടെ ഇന്ത്യയില്‍ ലഭിക്കേണ്ട മഴയ്ക്ക് എല്‍നിനോ വെല്ലുവിളിയായേക്കും. നിലവില്‍ വരള്‍ച്ച നേരിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ സ്ഥിതി കുടുതല്‍ ഗുരുതരമാകുമെന്നാണ്.

പസിഫിക്കിന്റെ തെക്കുകിഴക്കന്‍ ഭാഗം ചൂടുപിടിക്കുന്നതാണ് എല്‍നിനോ എന്ന പ്രതിഭാസം. എന്നാല്‍ ഇപ്പോഴത്തെ ചൂടിനും മഴക്കുറവിനും എല്‍നിനോയുമായി ബന്ധമില്ല. എന്നാല്‍ ശൈത്യകാലം ആരംഭിക്കുന്നതോടെ എല്‍നിനോയെത്തും. ഇതോടെ വരള്‍ച്ച രൂക്ഷമാകുകയും കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍  ലഭിക്കേണ്ട തുലാവര്‍ഷത്തിന്റെ ലഭ്യതയെ ഇതു സാരമായി ബാധിക്കുകയും ചെയ്യുമെന്നാണ് സൂചന. സാധാരണ നിലയില്‍ ഒക്‌ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിലാണ് എല്‍നിനോ പ്രതിഭാസം രൂക്ഷമാവുക.