പാലക്കാട് നഗരസഭ ചെയര്‍മാന്‍മാര്‍ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസുമായി യുഡിഎഫ്

പാലക്കാട് നഗരസഭ ചെയര്‍മാന്‍മാര്‍ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസുമായി യുഡിഎഫ്

April 18, 2018 0 By Editor

പാലക്കാട്: ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയായ പാലക്കാട് നഗരസഭയിലെ നാല് സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ക്കെതിരെ യു.ഡി.എഫ്. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. നഗരകാര്യ മേഖലാ ജോയന്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന കോഴിക്കോട് നഗരസഭാ സെക്രട്ടറി മൃണ്‍മയി ജോഷിക്കാണ് ബുധനാഴ്ച യു.ഡി.എഫ് നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ നോട്ടീസ് നല്‍കിയത്.

മരാമത്ത് സ്ഥിരംസമിതി ചെയര്‍മാനെതിരെ കൗണ്‍സിലര്‍ ബി.സുഭാഷ്, വികസന സ്ഥിരംസമിതി ചെയര്‍മാനെതിരെ എം.മോഹന്‍ബാബു, ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാനെതിരെ കെ.മണി, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാനെതിരെ വി. മോഹനന്‍ എന്നിവരാണ് നോട്ടീസ് നല്‍കിയത്. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാനെതിരെ അടുത്തയാഴ്ച നോട്ടീസ് നല്കുമെന്ന് ഡി.സി.സി.പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍ അറിയിച്ചു.

നോട്ടീസ് നല്കിയാല്‍ പതിനഞ്ചുനാള്‍ക്കകം അവിശ്വാസപ്രമേയം ചര്‍ച്ചചെയ്യാന്‍ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കണമെന്നാണ് ചട്ടം അമ്പത്തിരണ്ടംഗ നഗരസഭയില്‍ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇരുപത്തിനാല് അംഗങ്ങളുണ്ട്. യു.ഡി.എഫില്‍ കോണ്‍ഗ്രസ്സിന് 13ഉം, മുസ്ലീം ലീഗിന് അഞ്ചും അംഗങ്ങളുള്‍പ്പെടെ പതിനെട്ട് അംഗങ്ങളുണ്ടെങ്കിലും സ്വതന്ത്രനായി ജയിച്ച ഒരംഗത്തിന് കോടതിവിധിയുടെ അടിസ്ഥാനത്തില്‍ വോട്ടവകാശം ഇല്ല. ഇതുമൂലം ഫലത്തില്‍ പതിനേഴംഗങ്ങളാണുള്ളത്. ഇടതുമുന്നണിയില്‍ സി.പി.എമ്മിന് ഒമ്പതംഗങ്ങളുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒരംഗവും സി.പി.എമ്മിനൊപ്പമാണ് നിലപാടുകള്‍ സ്വീകരിക്കുന്നത്.

അവിശ്വാസപ്രമേയത്തിന്റെ കാര്യത്തില്‍ സി.പി.എം നിലപാടിന് ഇതോടെ പ്രാധാന്യം കൈവരുകയാണ്. സി.പി.എം. പിന്തുണച്ചാല്‍ അവിശ്വാസപ്രമേയം പാസാക്കാനാവും. അതേ സമയം പാര്‍ട്ടി ഇതേവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ആലോചനകള്‍ നടന്നിട്ടുണ്ട്. തക്ക സമയത്ത് പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.