എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലയ്ക്ക് പിന്നിലെ രഹസ്യങ്ങള്‍ പുറത്ത്: മുഖ്യപ്രതി പിടിയില്‍

എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലയ്ക്ക് പിന്നിലെ രഹസ്യങ്ങള്‍ പുറത്ത്: മുഖ്യപ്രതി പിടിയില്‍

July 18, 2018 0 By Editor

എറണാകുളം: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി മുഹമ്മദ് അറസ്റ്റില്‍. ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്

എസ്എഫ്‌ഐയെ പ്രതിരോധിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നുവെന്ന് മുഹമ്മദ് പൊലീസിനോട് വെളിപ്പെടുത്തി. ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലയിലേക്കെത്തിച്ചത്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദ് ആണെന്നും മൊഴി നല്‍കി. ക്യാംപസില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷം ആസൂത്രിതമായിരുന്നെന്നും.സംഘര്‍ഷം മുന്നില്‍ കണ്ട് പുറത്തുനിന്നുള്ളവര്‍ കൊച്ചിന്‍ ഹൗസില്‍ ക്യാമ്ബ് ചെയ്‌തെന്നും മുഹമ്മദ് വെളിപ്പെടുത്തി.

സംഘര്‍ഷമായതോടെ ഇവരെ വിവരം അറിയിക്കുകയായിരുന്നു. ക്യാംപസ് ഫ്രണ്ടിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ ഹൗസ് ഹോസ്റ്റലില്‍ തങ്ങിയിരുന്നവരെ സംഘര്‍ഷമുണ്ടായപ്പോള്‍ താന്‍ ക്യാംപസിലേക്ക് വിളിച്ചു വരുത്തി.അഭിമന്യു വധക്കേസില്‍ പിടിയിലായ മുഹമ്മദിനെ ചോദ്യം ചെയ്തുവരികയാണ്. ക്യാമ്ബസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. കൊലപാതകം നടക്കുന്ന ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളെജിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദ് ആണ്.

ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റുകൂടിയാണ് മുഹമ്മദ്. കഴിഞ്ഞദിവസം അറസ്റ്റിലായ ആദില്‍ എന്നയാളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയായ മുഹമ്മദിനെ പൊലീസ് പിടികൂടിയത്. ഗോവയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് സൂചന. പ്രതിപട്ടികയിലുള്ള മറ്റ് നാലുപേര്‍കൂടി പോലീസ് കസ്റ്റഡിയില്‍ ഉണ്ട്.

കൊലപാതകം ആസൂത്രണം ചെയ്തവരില്‍ കൈവെട്ട് കേസിലെ പ്രതിയും ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൈവെട്ട് കേസിലെ പതിമൂന്നാം പ്രതിയായ മനാഫിന് ഗൂഢാലോചനയില്‍ മുഖ്യപങ്കുള്ളതായി സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചു. കൃത്യം നടത്തിയതിന് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളുരുത്തി സ്വദേശി ഷമീറാണ്. ഇരുവരും ഒളിവിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

അന്വേഷണത്തെ തടസപ്പെടുത്തുന്നതിന് എസ്ഡിപിഐ ശ്രമിക്കുന്നതായും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, പൊലീസ് വേട്ടയാടുന്നതായി ചൂണ്ടിക്കാട്ടി എസ്ഡിപിഐ പ്രവര്‍ത്തകര്‍ നല്‍കിയ മൂന്നു ഹര്‍ജികളും ഹൈക്കോടതി തള്ളി.