മകന്റെ പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി സി.കെ.വിനീത്

മകന്റെ പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി സി.കെ.വിനീത്

April 20, 2018 0 By Editor

കണ്ണൂര്‍: കായിക പ്രേമികള്‍ക്ക മാത്രമല്ല മലയാളികള്‍ക്കെല്ലാം സുപരിചിതനാണ് ദേശീയ ഫുട്‌ബോള്‍ ടീം അംഗവും കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ സ്‌ട്രൈക്കറുമായ സി.കെ വിനീത്. കളിക്കളത്തിനു പുറത്ത് ശക്തമായ നിലപാടുകള്‍കൊണ്ട് ശ്രദ്ധേയമായ താരം മകന്‍ ജനിച്ചപ്പോള്‍ മകനു മതമില്ലെന്ന പ്രസ്താവന നടത്തിയും ശ്രദ്ധേയനായിരുന്നു.

തന്റെ മകന്‍ മതമില്ലാതെ വളരുമെന്ന വിനീതിന്റെ പ്രസ്താവനയെ മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ തന്റെ മകന്റെ പേരും പേരിനു പിന്നിലെ കഥയും സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് സി.കെ വിനീത്.

ഏഥന്‍ സ്റ്റീവെന്നാണ് മകന്റെ പേര്. ഹീബ്രൂ ഭാഷയില്‍ ഏഥനെന്നാല്‍ കരുത്തന്‍ എന്നാണ് അര്‍ത്ഥം. സ്റ്റീവ് എന്നതിന് പിന്നില്‍ വിനീതിന്റെ ഫുട്‌ബോള്‍ പ്രണയത്തിന്റെ കഥയുമുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കടുത്ത ആരാധകനാണ് വിനീത്. ലിവര്‍പൂളിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ സ്റ്റീവന്‍ ജെറാര്‍ഡിന്റെ പേരില്‍ നിന്നാണ് വിനീത് ‘സ്റ്റീവ്’ എന്ന പേര് കടമെടുത്തത്.

കുഞ്ഞിക്കാല്‍ കൊണ്ട് പന്ത് തട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് മകന്‍ ഏഥന്‍ സ്റ്റീവിനെ വിനീത് പരിചയപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരി 23നാണ് വിനീതിനും ഭാര്യ ശരണ്യക്കും കുഞ്ഞു പിറന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കുമ്പോഴായിരുന്നു മകന്റെ ജനനം.