സർക്കാർ അനാസ്ഥ ;അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ മിനി പമ്പ


, | Published: 10:44 AM, November 25, 2017

IMG

എടപ്പാൾ : ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നായ കുറ്റിപ്പുറം മിനിപമ്പയില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലയെന്നു ഭക്തരുടെ ആരോപണം.തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പോലും സ്ഥലമില്ലാത്ത അവസ്ഥ. മല്ലൂര്‍ ശിവപാര്‍വ്വതി ക്ഷേത്രത്തിന് എതിര്‍വശത്ത് റോഡരികിലാണ് പാര്‍ക്കിങ്ങ് സ്ഥലം. പക്ഷേ മൂന്നോ നാലോ വലിയ ബസുകള്‍ നിര്‍ത്തുന്നതോടെ ഇവിടം നിറയും. പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ വാഹനങ്ങളാണ് പാര്‍ക്കിംങ് സ്ഥലം കൂടുതലായി ഉപയോഗിക്കുന്നതെന്നും ആരോപണമുണ്ട്.പാര്‍ക്കിംങ് സ്ഥലത്താണ് വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതും.രാവിലെയും വൈകുന്നേരങ്ങളിലുമാണ് മിനിപമ്പയില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുക. അയ്യപ്പന്മാരെത്തുന്ന നൂറുകണക്കിന് വാഹനങ്ങള്‍ റോഡിന് ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യുന്നതോടെ ദേശീയപാത സ്തംഭിക്കുന്നതും നിത്യ സംഭവമാണ്.മല്ലൂര്‍ ക്ഷേത്രത്തിന് മുന്നില്‍ ഭാരതപ്പുഴയോരത്ത് ലക്ഷങ്ങള്‍ മുടക്കി പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുകയാണ് സര്‍ക്കാര്‍.പാര്‍ക്കിനായി ചിലവഴിച്ച തുകയുടെ പത്തിലൊന്ന് ഉപയോഗിച്ചാല്‍ അയ്യപ്പന്മാര്‍ക്ക് വിരിവെയ്ക്കാനുള്ള സ്ഥലമൊരുക്കാമായിരുന്നുഎന്നും നാട്ടുകാർ പറയുന്നു.സ്വകാര്യ ഹോട്ടലുകള്‍ മിനിപമ്പയില്‍ ഓരോ വര്‍ഷവും തഴച്ചുവളരുകയാണ്. സര്‍ക്കാരിന്റെ ഒത്താശയോടെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇവ മിക്കതും പ്രവര്‍ത്തിക്കുന്നത്.അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ റോഡരികിലിരുന്നാണ് ഭക്ഷണം കഴിക്കുന്നത്.ഇതിനു പോലും ഒരു പരിഹാരം കണ്ടെത്താൻ സർക്കാരിനോ മുക്കിനും മൂലയിലും ഫ്ളക്സ് വെക്കുന്ന  മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി കെ.ടി.ജലീലിനോ കഴിയുന്നില്ല എന്നതും സങ്കടകരമാണ്. ഓരോ വര്‍ഷവും മണ്ഡലകാലത്തിന് മുമ്പ് മിനിപമ്പയിലേക്ക് കോടികള്‍ ചിലവഴിച്ചു, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി എന്നൊക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവകാശപ്പെടാറുണ്ട്, പക്ഷേ അത് വെറും അവകാശവാദമായി തുടരുകയാണ്.